ആലപ്പുഴയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് പൊലീസ്

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കൊന്ന് കുളത്തിലെറിഞ്ഞ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ, ഭാര്യ സുഷമ എന്നിവരെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ ആറു മണിയോടെയാണ് വീടിനു സമീപത്തെ പുളി മരത്തിൽ സുധനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ഭാര്യ സുഷമയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ കുളത്തിൽ നിന്ന് വൈകുന്നേരത്തോടെ സുഷമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് സുഷമയുടേത് കൊലപാതകമാണെന്നും സുധൻ തൂങ്ങി മരിച്ചതാണെന്നും കണ്ടെത്തിയത്.

സുഷമയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ച പാട് ഉണ്ട്. വാരിയെല്ലിന് പൊട്ടലുമുണ്ട്. സുഷമ വീട്ടുജോലികൾ ചെയ്തും സുധൻ കൂലിപ്പണി ചെയ്തുമാണ് ജീവിക്കുന്നത്. മദ്യപാനിയായ സുധൻ ദിവസവും മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു.

സുഷമയുടെ തലയ്ക്ക് മുൻപും സുധൻ അടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags:    
News Summary - The police said that the husband killed his wife and committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.