ഭരണത്തുടർച്ചയിലും രാജിബാധ ഒഴിയാതെ പിണറായി സർക്കാർ

തിരുവനന്തപുരം: ഭരണത്തുടർച്ചയിലും രാജിബാധ ഒഴിയാതെ പിണറായി വിജയൻ സർക്കാർ. ഒന്നാം പിണറായി സർക്കാർ കാലയളവിൽ അഞ്ച് മന്ത്രിമാരാണ് രാജിവെച്ചത്. ചരിത്രം തിരുത്തിയ ഭരണത്തുടർച്ചയുടെ ഒന്നാം വാർഷികം പിന്നിട്ട് അധികനാൾ കഴിയും മുമ്പ് ആദ്യ രാജിയെത്തി. ഇതോടെ രണ്ട് സർക്കാറുകൾക്ക് കീഴിൽ രാജിവെക്കുന്ന മന്ത്രിമാരുടെ എണ്ണം ആറായി.

ബന്ധുനിയമന വിവാദങ്ങളും ഘടകകക്ഷികൾക്കകത്തെ പ്രശ്നങ്ങളുമായാണ് രാജിയിൽ ഒന്നാം പിണറായി സർക്കാർ റെക്കോഡിട്ടത്. എന്നാൽ, മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ആധാരമായ ഭരണഘടനയെ അവഹേളിച്ചതാണ് സജി ചെറിയാന്‍റെ കസേര തെറിപ്പിച്ചത്. കഴിഞ്ഞ സർക്കാറിൽ ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനാണ് ആദ്യം തെറിച്ചത്. പിന്നീട് വിജിലന്‍സ് അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് സംഘടിപ്പിച്ച് ജയരാജൻ തിരിച്ചെത്തി. മംഗളം ചാനലിന്‍റെ ഫോൺ കെണിയിൽ അകപ്പെട്ട എ.കെ. ശശീന്ദ്രന്‍റെതായിരുന്നു രണ്ടാം രാജി. പകരം വന്ന തോമസ് ചാണ്ടിക്ക് അധികകാലം സീറ്റിലിരിക്കാനായില്ല.

കായൽ കൈയേറ്റം ഉൾപ്പെടെ വിവാദങ്ങളിൽ അദ്ദേഹത്തിനും രാജിയല്ലാതെ മാർഗമുണ്ടായില്ല. പിന്നാലെ ഫോൺ കെണി കേസില്‍ അനുരഞ്ജന വഴിയൊരുക്കി ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളുടെ പേരിൽ മാത്യു ടി. തോമസ് രാജിവെച്ചതോടെ കെ. കൃഷ്ണൻകുട്ടി മന്ത്രിയായി. ബന്ധുനിയമന കേസിൽ ലോകായുക്ത ഉത്തരവ് തിരിച്ചടിയായതോടെയാണ് മന്ത്രി കെ.ടി. ജലീൽ രാജിവെച്ചത്. ഭരണത്തുടർച്ചയിൽ സി.പി.എം പുതിയ ടീമിനാണ് അവസരം നൽകിയത്. മന്ത്രിമാരുടെ പരിചയക്കുറവ് ഭരണത്തിൽ മുഴച്ചുനിൽക്കുന്നതിനിടെ പുറത്തേക്ക് പോകുന്ന ആദ്യമന്ത്രിയായി സജി ചെറിയാൻ മാറി. 

Tags:    
News Summary - The Pinarayi government to suffer resignations even after the administration continued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.