ഒരു വർഷമായിട്ടും ഉണങ്ങാത്ത മുറിവുകൾ; മെഡിക്കൽ കോളജിലെ ചികിത്സക്കിടെ പുഴുവരിച്ച രോഗി മരിച്ചു

വട്ടിയൂർക്കാവ്: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച സംഭവത്തിലെ രോഗി മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി അനിൽ കുമാർ (56) ആണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണം അവശതയിലായിരുന്നു. പുഴുവരിച്ചതിനെ തുടർന്ന് തലയിലുണ്ടായ മുറിവുകൾ ഉണങ്ങിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിനാണ് കൂലിപ്പണിക്ക് ശേഷം മടങ്ങിവരുന്ന വഴിയിൽ അനിൽ കുമാർ തെന്നിവീണത്. ഗുരുതര പരിക്കേറ്റ അനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട് കോവിഡ് പോസിറ്റീവ് ആയി. കോവിഡ് നെഗറ്റീവ് ആയ അദ്ദേഹം സെപ്റ്റംബർ 27ന് ആശുപത്രിവിട്ടു.

വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തലയിലും അരയിലും പുഴുവരിച്ചതായി കണ്ടെത്തിയത്. കഴുത്തിലിട്ടിരുന്ന കോളറും മലമൂത്രവിസർജനത്തിനായി ഉപയോഗിച്ചിരുന്ന ഡയപ്പറും മാറ്റിയിരുന്നില്ലെന്ന് അന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഈ വാർത്ത ആശുപത്രി അധികൃതർക്കെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.