ഉത്തരവ് പാലിച്ചില്ല; പത്തനംതിട്ട നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണം

കൊച്ചി: കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിക്കാത്ത നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഹൈകോടതി. കോന്നി അട്ടച്ചാക്കൽ സ്വദേശിനി സുമ ദേവി, അസറ്റ് ഹോംസ് എം.ഡി വി. സുനിൽ കുമാർ എന്നിവർ നൽകിയ കോടതിയലക്ഷ്യഹരജിയിലാണ് പത്തനംതിട്ട നഗരസഭ സെക്രട്ടറി എസ്. ഷെർല ബീഗത്തിനെതിരെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.

പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ഉത്തരവ് പാലിച്ചില്ലെങ്കിൽ നഗരസഭ സെക്രട്ടറി ഈ മാസം 14ന് ഹാജരായി വിശദീകരണം നൽകാൻ ഹൈകോടതി നിർദേശിച്ചിരുന്നു.

സെക്രട്ടറി ഉത്തരവ് പാലിക്കുകയോ ഹാജരാവുകയോ ചെയ്തില്ല. ഈ മാസം 16ന് ഹരജി പരിഗണിച്ചപ്പോൾ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയെ സ്വമേധയാ കക്ഷി ചേർത്ത് നഗരസഭ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഈ മാസം 28ന് ഹാജരാക്കാൻ ഉത്തരവിട്ടു.

അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഹൈകോടതിയിൽ ഹാജരാകാൻ തയാറാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചാൽ നിശ്ചിത ബോണ്ട് ഉൾപ്പെടെ വ്യവസ്ഥകളിൽ ജാമ്യം നൽകാമെന്നും ഉത്തരവിലുണ്ട്. നഗരസഭ സെക്രട്ടറിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ച് വെള്ളിയാഴ്ച വീണ്ടും പരിഗണിച്ചപ്പോൾ, എട്ടുമാസം മുമ്പത്തെ കോടതി വിധി പാലിക്കാത്തത് കോടതിയലക്ഷ്യമായതിനാൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന ഉത്തരവിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി.

Tags:    
News Summary - The order was not obeyed; Pathanamthitta Municipal Secretary should be arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.