കൊച്ചി: ഹൈകോടതി ഉത്തരവും അഡ്വക്കറ്റ് ജനറൽ ഓഫിസിന്റെ നിർദേശവും പാലിക്കാതിരുന്ന ഫോർട്ട്കൊച്ചി ആർ.ഡി.ഒ പി. വിഷ്ണുരാജിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച ഹൈകോടതി, ഏഴു ദിവസത്തിനകം ആർ.ഡി.ഒ 10,000 രൂപ പിഴയടക്കാനും ഉത്തരവിട്ടു. പിഴത്തുക കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റിയിൽ അടക്കണം. ഒരുകാരണവശാലും സർക്കാർ ഖജനാവിൽനിന്ന് ഇതിനായി പണം വിനിയോഗിക്കരുതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവിൽ പറയുന്നു. ഭൂമിതരം മാറ്റുന്നതുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഉത്തരവ്.
എറണാകുളം കടുങ്ങല്ലൂർ സ്വദേശിയായ കെ.എ. സത്താർ ഭൂമി തരം മാറ്റാൻ 2017ൽ നൽകിയ അപേക്ഷയിൽ രണ്ടു മാസത്തിനകം ഉത്തരവിറക്കാൻ 2021ൽ ഹൈകോടതി ആർ.ഡി.ഒക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്ന് കാണിച്ച് ഹരജിക്കാരൻ വീണ്ടും ഹൈകോടതിയിലെത്തി. ഇതിൽ ഹൈകോടതി വിശദീകരണം തേടിയിട്ടും ആർ.ഡി.ഒ നൽകിയില്ല. അഡ്വക്കറ്റ് ജനറൽ (എ.ജി) ഓഫിസിൽനിന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ആർ.ഡി.ഒ നൽകിയില്ലെന്ന് ഹരജി പരിഗണിക്കവെ സർക്കാർ അഭിഭാഷക ബോധിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ആർ.ഡി.ഒയെ ഹൈകോടതി രൂക്ഷമായി വിമർശിച്ചത്. ഹരജിക്കാരന്റെ കേസിൽ 14 ദിവസത്തിനകം ആർ.ഡി.ഒ ഉത്തരവിറക്കാനും നിർദേശിച്ചിട്ടുണ്ട്.
എ.ജി ഓഫിസിൽനിന്ന് പലകുറി ആവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാത്ത ആർ.ഡി.ഒയുടെ നടപടി നീതി നിർവഹണ സംവിധാനത്തെ തന്നെ ദുർബലപ്പെടുത്തുന്നതും നിയമവാഴ്ചയോടുള്ള അലംഭാവവുമാണെന്ന് സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതി ഉത്തരവുകൾ പാലിക്കാൻ ആർ.ഡി.ഒ ബാധ്യസ്ഥനാണ്. കോടതി ഉത്തരവ് ഉണ്ടായിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് ഹരജിക്കാരന് വീണ്ടും ഹൈകോടതിയെ സമീപിക്കേണ്ടി വന്നത് ദൗർഭാഗ്യകരമാണ്. കോടതിയും എ.ജി ഓഫിസും ആവശ്യപ്പെട്ട കാര്യങ്ങളോടു ഉദ്യോഗസ്ഥൻ പ്രതികരിച്ചില്ലെങ്കിൽ കർശന നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.