മുഹമ്മദ് ഷിയാസിനെ തള്ളി എം. ലിജു; 'മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്'

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഒരുങ്ങി കോൺഗ്രസ്. നൂറു സീറ്റുകളിൽ ജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ മുഖ്യമന്ത്രി സീറ്റിനായുള്ള ചർച്ചകൾ തുടങ്ങിയത്. അടുത്ത മുഖ്യമന്ത്രിയായി എറണാകുളത്ത് നിന്നുള്ളയാളാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു. അതിനെതിരെയാണ് എം. ലിജു രംഗത്തുവന്നത്.

കേരളത്തിലെ അടുത്ത മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകുമെന്ന ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നിലപാട് തള്ളി കായംകുളം യു.ഡി.എഫ് സ്ഥാനാർഥി എം. ലിജു. ഷിയാസ് എറണാകുളം ഡി.സി.സി പ്രസിഡന്റാണ്. സ്വാഭാവികമായും പ്രാദേശിക പ്രവർത്തകരുടെ വികാരത്തിന്റെ അടിസ്ഥാനത്തിലാകും ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. നമുക്ക് അടുപ്പമുള്ള ആളുകൾ മുഖ്യമന്ത്രിയാകണമെന്ന താത്പര്യം എല്ലാവർക്കുമുണ്ടാവും. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും ലിജു പറഞ്ഞു.

ജി. സുധാകരനെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന പരാജയ ഭീതി കാരണമാണെന്ന് ലിജു പറഞ്ഞു. അമ്പലപ്പുഴയിലും ചെങ്ങന്നൂരും തോൽക്കുമെന്ന സൂചനയാണ് സജി ചെറിയാന്റെ പ്രസ്താവന. പിണറായി വിജയനും സജി ചെറിയാനുമാവും ഫലം വരുമ്പോൾ കടലിൽ ചാടേണ്ടിവരികയെന്നും എം. ലിജു പറഞ്ഞു.

ജി. സുധാകരനെതിരെ മന്ത്രി സജി ചെറിയാൻ രംഗത്തുവന്നിരുന്നു.

വഞ്ചനയും ചതിയും കാണിച്ച ജി. സുധാകരൻ എല്ലാം അനുഭവിച്ചിട്ടേ ഈ ലോകത്തുനിന്ന് പോകുകയൊള്ളുവെന്ന് മന്ത്രി സജി ചെറിയാൻ. ചെയ്ത കാര്യങ്ങൾക്ക് അദ്ദേഹം അനുഭവിക്കും. പ്രപഞ്ചത്തിന് ഒരു സത്യം ഉണ്ടല്ലോ, ആ സത്യത്തിൽ നിന്നുകൊണ്ട് ഞാൻ പറയാം, ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വഞ്ചനയാണ് ഞങ്ങളാട് കാണിച്ചത്. അതിനൊന്നും അനുഭവിക്കാതെ ഈ ലോകത്തുനിന്ന് അദ്ദേഹം പോകില്ലെന്നും സജീ ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ എം.എൽ.എ ചിത്തരഞ്ജനെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്. ചിത്തരഞ്ജന്റെ ആസ്തികൾ പരിശോധിക്കട്ടെ. പിന്നെ ഒന്നുള്ളത് പാട്ടുകാരി ദലീമയാ, അവർക്ക് പരിശോധിക്കാം. പിന്നെ യു. പ്രതിഭയും അരുൺ കുമാറുമാണ്. ഞാൻ കോടീശ്വരനല്ല. എനിക്ക് 22 ലക്ഷം രൂപ സർക്കാറിൽ ലോൺ ഉണ്ട്. എന്റെ ആസ്ഥിയും ബാധ്യതയും ഞാൻ എഴുതി കൊടുത്തിട്ടുണ്ട്. അതിൽ പരിശോധിക്കാവുന്നതാണ്.

അന്തസ്സായി കമ്യൂണിസ്റ്റ് പാർട്ടിക്കകത്തുനിന്ന് കിട്ടുന്ന വരുമാനം മറ്റുള്ളവർക്ക് കൊടുക്കുന്നവരാണ് ഞങ്ങൾ. സാമൂഹിക പ്രവർത്തകരായി നിൽക്കുന്ന ഞങ്ങളുടെ ബാങ്ക് ബാലൻസും ജി. സുധാകരന്റെ ബാങ്ക് ബാലൻസും പരിശോധിക്കൂ. അപ്പോൾ നിങ്ങൾക്ക് വ്യത്യാസം മനസിലാകും. ഞങ്ങളെപ്പറ്റി വ്യക്തിപരമായ ആക്ഷേപം നടത്തിയതുപോലെ ഞങ്ങൾ തിരിച്ച് പറയാനില്ല. ഞങ്ങൾക്ക് കുറച്ചുകൂടി രാഷ്ട്രീയ കാഴ്ചപ്പാടും ധാരണയുമുണ്ട്. ഞങ്ങളുടെ ജില്ല സെക്രട്ടറി ഈഴവനും മറ്റുമെന്ന് പറഞ്ഞ് സുധാകരൻ ആക്ഷേപിച്ചില്ലേ. ഈഴവനായ നാസറിനെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന ചർച്ച തെരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവരാൻ വേണ്ടിയല്ലേ ആ വർത്തമാനം പറഞ്ഞതെന്നും സജി ചെറിയാൻ ചോദിച്ചു. ഈ നാസറിന്റെ അടുത്ത് വന്നിട്ടല്ലേ സുധാകരൻ സീറ്റിന് വേണ്ടി കെഞ്ചിയത്. ഒന്നൊന്നര വർഷം മുമ്പ് ഒരു പ്രസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളും അപ്പുറത്ത് അറിയിച്ച് പാർട്ടിയെ വഞ്ചിച്ച് മത്സരിക്കാനുള്ള യോഗ്യത നേടുകയായിരുന്നു അദ്ദേഹം. ഉദ്ദേശിച്ച കാര്യങ്ങൾ നടത്തി കരിമ്പിൻ ചണ്ടിപോലെ വലിച്ചുകീറി സുധാകരനെ അവർ തോട്ടിൽക്കളയുമെന്നും സജിചെറിയാൻ പറഞ്ഞു.

Tags:    
News Summary - Next CM from Ernakulam: M. Liju rejects Mohammed Shias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.