ഗവർണറായ ശേഷം ആദ്യമായാണ്​ മുസ്​ലിം സഹോദരങ്ങളുടെ സമ്മേളനത്തിൽ പ​​ങ്കെടുക്കുന്നത് -പി.എസ്​. ശ്രീധരൻപിള്ള

കോഴിക്കോട്​: കേരള നദ്​വത്തുൽ മുുജാഹിദീൻ സംസ്ഥാന സമ്മേളനത്തിന്​ കോഴിക്കോട്​ സ്വപ്നനഗരിയിൽ ഉജ്വല തുടക്കം. മുഖ്യാതിഥിയായി പ​ങ്കെടുത്ത ഗോവ ഗവർണർ അഡ്വ. പി.എസ്​. ശ്രീധരൻപിള്ളയുടെ പ്രഭാഷണത്തോടെയായിരുന്നു നാലുദിവസം നീളുന്ന സമ്മേളനത്തിന്​ തുടക്കമായത്​. മുജാഹിദ്​ സമ്മേളനത്തിൽ തന്നെ ക്ഷണിച്ചത്​ ബഹുമതിയായി കാണുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. ഗവർണറായ ശേഷം ആദ്യമായാണ്​ മുസ്​ലിം സഹോദരങ്ങളുടെ ഒരു സമ്മേളനത്തിൽ താൻ പ​​ങ്കെടുക്കുന്നത്​. അത്​ മുജാഹിദ്​ പ്രസ്ഥാനത്തിന്‍റെതായതിൽ വലിയ സന്തോഷമുണ്ട്​.

മുമ്പ്​ ഐക്യസമ്മേളനത്തിൽ പ​​ങ്കെടുത്തപ്പോൾ താൻ മുജാഹിദ്​ സമ്മേളനത്തിൽ പ​​ങ്കെടുത്തിരുന്നു. സംഘർഷമല്ല, സമന്വയമാണ്​ ഭാരത സംസ്കാരത്തിന്‍റെ കാതൽ. 130 കോടി ജനങ്ങളുള്ളപ്പോൾ ചില പ്രശ്​നങ്ങളൊക്കെയുണ്ടാകാം. എന്നാൽ, ഇന്ത്യയിലെ മതങ്ങൾ വിശാല കാഴ്ചപ്പാട്​ പുലർത്തുന്നവരാണ്​. എല്ലാ മതങ്ങൾക്കും വളരാൻ അവസരമൊരുക്കിയ മണ്ണാണിത്​. ചരിത്രത്തിൽ നമ്മുടെ ഏതെങ്കിലും രാജാവ്​ അന്യ രാജ്യത്തെ ആക്രമിച്ച ചരിത്രമില്ല. കർമം ശുദ്ധമാകണമെങ്കിൽ ഈശ്വര വിശ്വാസം വേണം. മദീനയിലെ പള്ളിയിൽ ക്രൈസ്തവർ സന്ദർശിച്ചപ്പോൾ പ്രവാചകൻ ആ പള്ളി അവർക്ക്​ മലർക്കെ തുറന്നിട്ടു. ആർ.എസ്​.എസിന്‍റെ നാഗ്​പുർ കാര്യാലയത്തിൽ മുഹമ്മദ്​ യൂസുഫ്​ സന്ദർശിച്ചപ്പോൾ അവിടെ അദ്ദേഹത്തിന്​ പ്രാർഥിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്​. പരസ്പര വിശ്വാസവും സൗഹൃദവുമാണ്​ ആവശ്യമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

പിന്നീട്​ സമ്മേളനത്തിന്‍റെ ഔപചാരിക ഉദ്​ഘാടനം സൗദി എംബസി അറ്റാഷെ ശൈഖ്​ ബദർ നാസ്വിർ അൽ അനസി നിർവഹിച്ചു. ഇസ്‌ലാമിന്റെ നന്മകളുടെ അംബാസിഡർമാരായി വിശ്വാസികൾ മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്‌ലാം പഠിപ്പിക്കുന്ന മധ്യമനിലപാട് സ്വീകരിക്കാനും നന്മയുടെ വാഹകരാകാനും മുസ്‌ലിംകൾ തയ്യാറാകണം. തീവ്രവാദവും വിഭാഗീയതയും വെടിഞ്ഞു സമാധാനപരമായ സഹവർത്തിത്വത്തിന്റെ മാതൃക തീർക്കാൻ കഴിയണം. പ്രവാചകൻ ബഹുസ്വരസമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്നു പഠിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ വിശ്വാസ അടിത്തറയിൽ നിന്നു കൊണ്ടു പരസ്പരം ഉൾകൊള്ളലിന്‍റെ സന്ദേശം ലോകമുസ്‌ലിംകൾ പിന്തുടരണം. അനൈക്യം മുസ്ലീം ലോകത്തെ തകർക്കും. നന്മക്കു വേണ്ടി ഒന്നിച്ചു നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എൻ.എം ജന. സെക്രട്ടറി എം. മുഹമ്മദ്​ മദനി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എ.പി. അബ്​ദുസ്സമദ്​ സ്വാഗതം പറഞ്ഞു. കെ.എൻ.എം പ്രസിഡന്‍റ്​ ടി.പി അബ്​ദുല്ലക്കോയ മദനി, നൂർ മുഹമ്മദ്​ നൂർഷാ, ഡോ. ഹുസൈൻ മടവൂർ, പി.കെ അഹ്​മദ്​, അഡ്വ. പി.എം.എ. സലാം, എം.പി. അഹ്​മദ്​ തുടങ്ങിയവർ പ​ങ്കെടുത്തു.

Tags:    
News Summary - The Mujahid State Conference in Kozhikode got off to a brilliant start

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.