തിരുവനന്തപുരം: ആരോഗ്യവകുപ്പ് ന്യായവാദങ്ങൾ നിരത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തെ മരുന്നുക്ഷാമത്തിന് കാരണം സംഭരണത്തിലെയും വിതരണത്തിലെയും ഗുരുതര വീഴ്ച.
സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് സംഭരണം കേരള മെഡിക്കൽ സർവിസസ് കോർപറേഷന്റെ (കെ.എം.എസ്.സി.എൽ) ചുമതലയാണ്.
എന്നാൽ, ആശുപത്രികൾ ആവശ്യപ്പെട്ട പ്രകാരമുള്ള മരുന്നുകൾ, ടെൻഡർ വിളിച്ച് സംഭരിക്കാൻ കെ.എം.എസ്.സി.എല്ലിന് കഴിഞ്ഞില്ലെന്ന് സി.എ.ജി റിപ്പോർട്ട് അടിവരയിടുന്നു.
സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതാണ് മരുന്ന് ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ ന്യായീകരണം. എന്നാൽ അതു മാത്രമല്ല കാരണം?
2016- 17 മുതൽ 2021-22 വരെ ആശുപത്രികൾ 4732 ഇനം മരുന്ന് ആവശ്യപ്പെട്ടെങ്കിലും മുഴുവനായും എത്തിച്ചത് 536 മാത്രം. 512 മരുന്നുകൾക്ക് പകുതിയിൽ താഴെയേ ഓർഡർ നൽകിയുള്ളൂ. 185 ഇനങ്ങൾക്ക് ഓർഡർ നൽകിയതുമില്ല.
സംസ്ഥാനത്തെ 67 ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 62,826 ലേറെ സന്ദര്‍ഭങ്ങളില്‍ മരുന്നുകള്‍ സ്റ്റോക്കുണ്ടായിരുന്നില്ലെന്ന് സി.എ.ജി.
ചില അവശ്യമരുന്നുകളുടെ സ്റ്റോക്കില്ലായ്മ നാലുവർഷത്തിലേറെ വരെ നീണ്ടു. ആശുപത്രികളിൽ മരുന്നുകൾ സ്റ്റോക്ക് തീരുന്നതോടെ പുറത്തേക്ക് എഴുതി നൽകുകയാണ് ചെയ്യുന്നത്.
ഗുണനിലവാര പരിശോധനയില്ലാതെയാണ് പല മരുന്നുകളും വിതരണം ചെയ്യുന്നതെന്ന് സി.എ.ജി.
ഒരു വര്‍ഷം ആകെ 54,049 ബാച്ച് മരുന്നുകളില്‍ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമേ പരിശോധിച്ചുള്ളൂ.
46 ഇനം മരുന്നുകള്‍ക്ക് ഒരു നിലവാര പരിശോധനയും നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ ഒറ്റ മരുന്നുപോലും പരിശോധിച്ചിട്ടില്ല.
സംസ്ഥാനത്തെ 26 ആശുപത്രികളിൽ 60 സന്ദർഭങ്ങളിലായി നൽകിയ മരുന്നുകൾ കാലാവധി കഴിഞ്ഞവ.
ഓർഡർ ചെയ്ത അളവിനെക്കാൾ കുറവാണ് വിതരണം ചെയ്തതെങ്കിൽ കമ്പനിയിൽനിന്ന് പിഴയിടാം. 82 കേസുകളിൽ ഇങ്ങനെ കുറഞ്ഞ അളവിൽ മരുന്ന് എത്തിച്ചതിന് 1.64 കോടി രൂപ പിഴയിടാനുള്ള സാഹചര്യമുണ്ടായിട്ടും കെ.എം.എസ്.സി.എൽ അതിന് തയാറായില്ല. പർച്ചേസ് ഓർഡറിൽ നിഷ്കർഷിച്ച തീയതിക്കു ശേഷവും മരുന്ന് എത്തിച്ചില്ലെങ്കിൽ 10 ശതമാനം വരെ പിഴ ഈടാക്കാം. ഇത്തരത്തിൽ 9.91 കോടി രൂപ പിഴ ഈടാക്കാമായിരിക്കെ, അതിനും കെ.എം.എസ്.സി.എൽ മുതിർന്നില്ല. ഫലത്തിൽ നഷ്ടം 11.55 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.