ലോക കേരള കേന്ദ്രം പദ്ധതി നടപ്പാക്കുന്നതിന് ഭരണാനുമതി

തിരുവനന്തപുരം: ലോക കേരള കേന്ദ്രം പദ്ധതി നടപ്പാക്കുന്നതിന് ഭരണാനുമതി നൽകി പ്രവാസി കാര്യ വകുപ്പിന്റെ ഉത്തരവ്. പദ്ധതിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തണം. അതിന് ലോക കേരള കേന്ദ്രം പദ്ധതിയായി നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ ഒരുകോടി നൽകാനാണ് ഭരണാനുമതി.

ഒരു കോടി അനുവദിച്ചതിൽ ഡി.പി.ആറിനുള്ള (വിശദമായ പ്രോജക്ട് റിപ്പോർട്ട്) ചെലവ്, സേവന നിരക്കുകൾ മറ്റ് ചെലവുകൾ, ഗ്രൗണ്ട് ക്ലിയറൻസ് ജോലി, ഒന്നാം ഘട്ട നിർമാണം എന്നിവക്ക് 90 ലക്ഷവും ഭരണ നിർവഹണ ചെലവുകൾക്ക് 10 ലക്ഷവും ചെലവഴിക്കണമെന്നാണ് ഉത്തരവ്.

കേരളത്തിന്റെ സംസ്കാരം, തനിമ, കലാമൂല്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് കേരളീയ പ്രവാസികാര്യ വകുപ്പിന്റെ അധീനതയിലുള്ള ആലപ്പുഴയിലെ മാവേലിക്കര കണ്ണമംഗലം വില്ലേജിൽ അഞ്ച് ഏക്കർ ഭൂമിയിൽ പ്രവാസി മലയാളികളുടെ സാമ്പത്തിക സഹകരണത്തോടെ ഇന്ത്യാ ഇന്റർനാഷണൽ മോഡലിൽ ലോക കേരള കേന്ദ്രംസ്ഥാപിക്കുന്നതിന് പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങിയിരുന്നു.

ലോക കേരള കേന്ദ്രം സ്ഥാപിക്കുന്നതിനായി 2023-24 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തി. മുൻ സാമ്പത്തിക വർഷങ്ങളിൽ പദ്ധതിക്കായി സർക്കാർ അനുവദിച്ചിരുന്ന തുക ഉപയോഗിച്ച് ഈ സ്ഥലത്ത് ചുറ്റുമതിൽ കെട്ടി ഗേറ്റ് ഇടുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പിന്റെ മേൽ നോട്ടത്തിൽ പൂർത്തീകരിച്ചു.

പ്രവാസി മലയാളികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തുന്നവർക്കും പ്രയോജനകരമായ രീതിയിൽ പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടെ, സാമ്പത്തിക നിക്ഷേപവും അതിലൂടെ തൊഴിലും വരുമാനവും ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ഈ കേന്ദ്രത്തിലൂടെ പ്രദേശത്തെ വികസനത്തിനുതകുന്ന പദ്ധതികൾ, ബിസിനസുകൾ എന്നിവ ആരംഭിക്കുവാനായി വിശദമായ പ്രപ്പോസൽ തയാറാക്കുന്ന പ്രവർത്തികൾ സി.എം.ഡി ഉൾപ്പെടെയുള്ള ഏജൻസികൾ മുഖേന ചെയ്യുന്നു.

Tags:    
News Summary - The Lok Kerala Center has given administrative approval for the implementation of the scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.