പണം വരട്ടെ, അനധികൃത നിർമാണങ്ങൾ അംഗീകൃതമാക്കാം

പാലക്കാട്: റോഡിൽ നിന്നുള്ള ദൂരപരിധിയിൽ കുടുങ്ങിയ അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കുന്നതിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് തദ്ദേശവകുപ്പ് ലക്ഷ്യമിടുന്നത് സ്വയംപര്യാപ്തത. 1994ൽ കേരള പഞ്ചായത്തീ രാജ് നിയമം വന്നത് മുതൽ 2019 നവംബർ വരെയുള്ള അനധികൃത നിർമാണം ക്രമവത്കരിച്ച് സാധൂകരിക്കുന്നതിലൂടെ കോടികളാണ് വകുപ്പിൽ തനത് വരുമാനമായി എത്തുക. മറ്റ് ക്രമവത്കരണങ്ങൾ രണ്ട് വർഷം കൂടുമ്പോൾ ഇറക്കാറുണ്ടെങ്കിലും 220 -ബി ചട്ടത്തിലെ ക്രമവത്കരണം ആദ്യമായാണ് വരുത്തുന്നത്. ബിൽഡിങ് പെർമിറ്റ് നിരക്കിലെ വർധന കാരണം തദ്ദേശസ്ഥാപനങ്ങളിലെ തനത് വരുമാനം നിലവിൽ കൂടിയിട്ടുണ്ട്. അനധികൃത നിർമാണം ക്രമവത്കരിക്കാൻ അപേക്ഷ ഫീസിലും കോമ്പൗണ്ടിങ് ഫീസിലും വൻ വർധനവാണ് വരുത്തിയിട്ടുള്ളത്.

 2019 നവംബർ ഏഴിന് മുമ്പ് നിർമിച്ചതോ കൂട്ടിച്ചേർത്തതോ, പുനർനിർമിച്ചതോ പൂർത്തീകരിച്ചതോ ആയ കെട്ടിടങ്ങളാണ് കോമ്പൗണ്ടിങ് ഫീസ് ഈടാക്കി ക്രമീകരിക്കുന്നത്. പഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്ക് മാത്രമാണ് ഇപ്പോൾ വിജ്ഞാപനമായത്. 1000 രൂപ മുതൽ 10,000 രൂപ വരെ ഫീസുണ്ട്. സർക്കാർ കെട്ടിടങ്ങളും സ്ഥാപനങ്ങളും നടത്തിയ അനധികൃത കെട്ടിടം ക്രമവത്കരിക്കാനുള്ള ശിപാർശയിൽ കോമ്പൗണ്ടിങ് ഫീസ് ഇല്ല. എയ്ഡഡ് സ്കൂളുകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ, ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങൾ തുടങ്ങിയവക്ക് കോമ്പൗണ്ടിങ് ഫീസിന്റെ 25 ശതമാനം അടക്കണം.

 പെയിൻ ആൻഡ് പാലിയേറ്റിവ് അംഗീകൃത ക്ലിനിക്കുകൾ, ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനങ്ങൾ, ബഡ്സ് സ്കൂളുകൾ, ബഡ്സ് പുനരധിവാസകേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ക്രഷുകൾ, ഡേ കെയർ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, തദ്ദേശസ്ഥാപനത്തിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ ഓഫിസുകൾ എന്നിവ 50 ശതമാനം കോമ്പൗണ്ടിങ് ഫീസടച്ചാൽ മതിയെന്നും വിജ്ഞാപനത്തിലുണ്ട്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സമുദായ സംഘടനകളുടെയും കെട്ടിടങ്ങൾ ക്രമപ്പെടുത്തലാണ് ഇതിൽ മുഖ്യമായി നടക്കുകയെന്നാണ് ആക്ഷേപം.

Tags:    
News Summary - The local department aims to regularize the illegal constructions stuck in the distance from the road to the local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.