വിഴിഞ്ഞത്ത്​ പിന്നോട്ടില്ലെന്ന് ലത്തീൻ അതിരൂപത; ആർച്ച് ബിഷപ്പിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉപവാസസമരം തുടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിൽനിന്ന്​ പിന്നോട്ടില്ലെന്ന്​ വ്യക്തമാക്കി ലത്തീൻ അതിരൂപത ആർച്​ ബിഷപ്​ ഡോ. തോമസ്​ ജെ. നെറ്റോയുടെ സർക്കുലർ. മത്സ്യത്തൊഴിലാളികൾക്കെതിരായ കോടതി ഉത്തരവ് നേടിയെടുക്കാൻ അധികാരികൾ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നെന്നാണ് വിമര്‍ശനം. സമരത്തിൽനിന്ന്​ പിന്നോട്ടില്ലെന്നാവർത്തിക്കുന്ന ലത്തീൻ അതിരൂപത തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്​. തുറമുഖ കവാടത്തിൽ തന്നെ തിങ്കളാഴ്ച ഉപവാസസമരം തുടങ്ങാനാണ്​ തീരുമാനം. ആർച്ച് ബിഷപ്പിന്റെയും മുൻ ആർച്ച് ബിഷപ്പിന്റെയും നേതൃത്വത്തിലാകും ഉപവാസം.

ഹൈകോടതി ഇടക്കാല വിധി ഒരുഭാഗത്തിന്‍റെ മാത്രം വാദം കേട്ടാണെന്ന്​ സർക്കുലറിൽ പറയുന്നു. സർക്കാർ അതിന്​ കൂട്ടുനിന്നു. തുറമുഖ നിർമാണം 80 ശതമാനം പൂറത്തിയാക്കിയെന്ന സർക്കാർ വാദം കള്ളമാണ്​. 30 ശതമാനം പോലും പൂർത്തിയായിട്ടില്ല. വീട്​ നഷ്ടപ്പെട്ടവർക്ക്​ സർക്കാർ അനുവദിച്ച വാടകത്തുക അപര്യാപ്തമാണ്​. 5500 രൂപക്ക്​ വീട്​ കിട്ടില്ല. പലവട്ടം ചർച്ച നടത്തിയെങ്കിലും അധികാരികളിൽനിന്ന്​ കൃത്യമായ മറുപടി കിട്ടിയിട്ടില്ല. കരാറുകാരോട്​ ചേർന്ന്​ മത്സ്യത്തൊഴിലാളികൾക്കെതിരെ സർക്കാർ കോടതിയിൽ മൊഴി നൽകി.

തീരശോഷണത്തില്‍ വീട് നഷ്ടപ്പെട്ടവരെ വാടക നൽകി മാറ്റിപ്പാർപ്പിക്കണം, മതിയായ നഷ്ടപരിഹാരം നൽകി ഇവരെ പുനരധിവസിപ്പിക്കണം, മണ്ണെണ്ണ വില വർധന പിന്‍വലിപ്പിക്കാൻ കേന്ദ്ര സർക്കാറിൽ ഇടപെടണം, തമിഴ്നാട് മാതൃകയിൽ മണ്ണെണ്ണ നൽകുക, കാലാവസ്ഥ മുന്നറിയിപ്പുകൾമൂലം കടലിൽ പോകാനാകാത്ത ദിവസങ്ങളിൽ മിനിമം വേതനം നൽകുക, മുതലപ്പൊഴി ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ ലത്തീൻ അതിരൂപത ഉയർത്തുന്നത്​. ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരം തുടരുമെന്നാണ്​ നിലപാട്​. അതേസമയം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നതൊഴികെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന നിലപാടാണ്​ സർക്കാർ പ്രഖ്യാപിച്ചത്​.

Tags:    
News Summary - The Latin Archdiocese says that there is no turning back in Vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.