പന്തളം: കടക്കാട് സ്വദേശിനിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ മാതാവ് നൽകിയ ഹരജിയിൽ ഹൈകോടതി ഇടപെടൽ. പൊലീസിനോട് ഇതുസംബന്ധിച്ച വിശദീകരണം തേടിയിരിക്കുകയാണ് ഹൈകോടതി. പന്തളം കടക്കാട് സൽമ മൻസിലിൽ ഉമ്മർ കുട്ടിയുടെ മകൾ ഉമൈറയാണ് (22) കായംകുളത്തെ ഭർതൃവീട്ടിൽ കഴിഞ്ഞ ഫെബ്രുവരി 14ന് തൂങ്ങിമരിച്ചത്. ഇതുസംബന്ധിച്ച് കായംകുളം പൊലീസ് കേസെടുക്കുന്നില്ലെന്ന് കാണിച്ച് ‘മാധ്യമം’ വാർത്ത നൽകിയതിനെത്തുടർന്ന് കായംകുളം പൊലീസ് പന്തളത്തെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.
2021 ജൂലൈ 15നായിരുന്നു ഇവരുടെ വിവാഹം. കായംകുളം കൃഷ്ണപുരം റഷീദ മൻസിലിൽ അഷ്റഫിന്റെ മകൻ ഷംനാദാണ് ഭർത്താവ്. വിവാഹശേഷം ഭർത്താവ് ഷംനാദും മാതാപിതാക്കളും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്ന് ഉമൈറയുടെ മാതാവ് സുനിത ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു. പിതാവ് ഉമ്മർകുട്ടി കഴിഞ്ഞ നാലുവർഷമായി സ്ട്രോക് ബാധിച്ച് കിടപ്പിലാണ്.
17 പവൻ സ്വർണാഭരണവും പൈതൃക സ്വത്തായി ഒരു ലക്ഷം രൂപയും വിവാഹസമയത്ത് ഉമൈറക്ക് മാതാപിതാക്കൾ നൽകിയിരുന്നു. മദ്യപാനിയായ ഷംനാദ് സ്ത്രീധനത്തിന്റെ പേരിൽ ഉമൈറയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പിതാവ് രോഗബാധിതനായി കിടക്കുന്ന കാരണത്താൽ ഉമൈറ ഇതൊന്നും വീട്ടുകാരെ അറിയിക്കാറില്ലായിരുന്നെന്നും മാതാവ് സുനിത കോടതിയെ ബോധിപ്പിച്ചു. എന്നാൽ, ഉമൈറക്ക് മാനസികാസ്വാസ്ഥ്യമാണെന്ന് ആരോപിച്ച് കൊല്ലകടവിലെ ഒരു സ്വകാര്യ ആശുപത്രിയിൽനിന്ന് ചികിത്സാരേഖകൾ സംഘടിപ്പിക്കാൻ ഭർത്താവ് ഷംനാദും മാതാപിതാക്കളും ശ്രമം നടത്തിയിരുന്നു.
ആറുമാസം ഗർഭിണിയായിരുന്ന സമയത്ത് ഷംനാദ് മദ്യപിച്ച് വന്ന് അടിവയറ്റിൽ തൊഴിക്കുകയും രക്തസ്രാവത്തെ തുടർന്ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഉമൈറയുടെ വീട്ടുകാരെ അറിയിക്കാതെ ചികിത്സിച്ചതായും മാതാവ് പറഞ്ഞു. ഉമൈറയുടെ പ്രസവാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പന്തളത്തെത്തിയ ഷംനാദ് തലമുടിയിൽ കുത്തിപ്പിടിച്ച് മുത്തലാഖ് ചൊല്ലിപ്പിച്ചിരുന്നതായും മാതാവ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 13ന് വൈകീട്ട് ഏഴിന് കായംകുളത്തെ ഷംനാദിന്റെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയനിലയിൽ കണ്ട ഉമൈറയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് കൂട്ടാക്കാതെ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. ഭർത്താവും ബന്ധുക്കളും ഉമൈറയുടെ മാതാപിതാക്കളെ ഈ വിവരം അറിയിക്കുന്നത് രാത്രി 10ഓടെ മാത്രമാണ്.
ഫെബ്രുവരി 14ന് രാവിലെ ഒമ്പതിന് ഉമൈറ മരണപ്പെട്ടു. തുടർന്ന് സുനിതയുടെ സഹോദരൻ കായംകുളം പൊലീസിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഉമൈറ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് മരണപ്പെട്ടതാണെന്ന് മൊഴി നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനകം ഒരു യുവതി ഭർത്താവിന്റെ വീട്ടിൽ ഏതെങ്കിലും കാരണത്താൽ മരണപ്പെട്ടാൽ 304 ബി വകുപ്പുകൂടി ചേർത്ത് വേണം കേസെടുക്കാൻ എന്നിരിക്കെ ഉമൈറയുടെ മരണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഈ വകുപ്പ് ചേർത്തിരുന്നില്ല.
ഈ കാരണങ്ങളെക്കുറിച്ചും കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഒരു നടപടിയും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് മാത്രമല്ല, കേസിലെ പ്രതികളെ സഹായിക്കുന്ന രീതിയിലാണ് പൊലീസ് തുടക്കംമുതലേ പ്രവർത്തിച്ചതെന്നും ഉമൈറയുടെ മാതാവ് പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കാത്തതിനാൽ മകളുടെ മരണം ആലപ്പുഴ ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുനിത ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
തുടർന്നാണ് അഡ്വ. കെ. രാജേഷ് കണ്ണൻ മുഖാന്തരം ഹൈകോടതിയിൽ ഹരജി നൽകിയത്. ഈ ഹരജിയിലാണ് ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ ഒരാഴ്ചക്കകം മറുപടി നൽകാൻ കോടതി നിർദേശിച്ചത്. കായംകുളം പൊലീസ് കേസെടുക്കാത്തത് സംബന്ധിച്ച് ‘മാധ്യമം’ നൽകിയ വാർത്തയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.