പാലക്കാട്: വിവാഹ ശേഷം വരന്റെ വീട്ടിലെത്തിയ വധൂവരന്‍മാരുടെ തലകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ പ്രതി സുഭാഷിനെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ സുഭാഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ കൊല്ലങ്കോട് പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. വധൂവരന്മാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹശേഷം വധൂവരന്മാരുടെ ഗൃഹപ്രവേശന സമയത്തായിരുന്നു സമൂഹമാധ്യമങ്ങളിലും പുറത്തും ഏറെ വിവാദമായ ഈ സംഭവം അരങ്ങേറുന്നത്.
ജൂണ്‍ 25ന് പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശിനി സജ്‌ലയും വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനിടെയാണ് ബന്ധുക്കളില്‍ ഒരാളായ സുഭാഷ് ഇരുവരുടെയും തല കൂട്ടിയിടിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
അപ്രതീക്ഷിതമായി തല കൂട്ടിയിടിപ്പിച്ചപ്പോള്‍ വേദനകൊണ്ട് പുളഞ്ഞ വധു കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വിഡിയോയില്‍ കാണാമായിരുന്നു. സംഭവത്തിന് പിന്നാലെ പാലക്കാട്ട് ഇത്തരം രീതികള്‍ കല്യാണങ്ങളില്‍ പിന്തുടര്‍ന്നു വരുന്നതായും ഇല്ലെന്നുമുള്ള തരത്തില്‍ രണ്ടു അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു.
വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് പ്രവേശിക്കുന്ന വരന്റെയും വധുവിന്റെയും തലകൾ തമ്മിൽ കൂട്ടിയിടിപ്പിക്കണമെന്നും അങ്ങനെ വധു കരഞ്ഞുകൊണ്ട് വരന്റെ വീട്ടിലേക്ക് പ്രവേശിക്കണമെന്നുളള ആചാരത്തെ തുടർന്നാണ് ഈ സംഭവമെന്നായിരുന്നു ഇതിനെ അനുകൂലിച്ചവർ പറഞ്ഞത്.
അപ്രതീക്ഷിതമായി തല കൂട്ടിയിടിച്ചപ്പോഴുണ്ടായ വേദന സഹിക്കാവുന്നതിലപ്പുറമായിരുന്നുവെന്നും ഇനിയൊരാള്‍ക്കും ഇത്തരമൊരു അനുഭവമുണ്ടാകരുതെന്നും സജ്‌ല പ്രതികരിച്ചിരുന്നു. ഇത്തരമൊരു ആചാരമുള്ളതായി താനിതുവരെ കണ്ടിട്ടില്ലെന്ന് സച്ചിനും പറഞ്ഞിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.