ജഡ്‌ജിക്കെതിരെ ആരോപണം: കെ.എം. ഷാജഹാന്‍റെ മാപ്പപേക്ഷ അംഗീകരിക്കാതെ ഹൈകോടതി

കൊച്ചി: ഹൈകോടതി ജഡ്‌ജിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെ തുടർന്നുള്ള ക്രിമിനൽ കോടതിയലക്ഷ്യ ഹരജിയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ ഹൈകോടതിയിൽ മാപ്പപേക്ഷ നൽകി. എന്നാൽ, ഇദ്ദേഹത്തിന്‍റെ സത്യവാങ്‌മൂലം നിരുപാധിക മാപ്പായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്‌റ്റിസ്‌ സി.എസ്‌. സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.

ജഡ്‌ജിക്കെതിരെ യുട്യൂബ് ചാനലിലൂടെ ഷാജഹാൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അതിന്‌ മാപ്പ്‌ നൽകണമെന്നും വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാൽ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന്‌ കോടതി നിലപാടെടുത്തു. ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻതുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാൻ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വമേധയ സ്വീകരിച്ച കോടതിയലക്ഷ്യ ഹരജിയാണ് പരിഗണനയിലുള്ളത്. നിരുപാധികം മാപ്പ്‌ അപേക്ഷിച്ച്‌ മറ്റൊരു സത്യവാങ്‌മൂലം നൽകാമെന്ന്‌ ഷാജഹാൻ അറിയിച്ചു. എന്നാൽ, മാപ്പപേക്ഷിച്ചുള്ള സത്യവാങ്‌മൂലം മാത്രം മതിയാവില്ലെന്നും യുട്യൂബ്‌ ചാനലിലൂടെ മാപ്പ്‌ പറഞ്ഞ് അതിന്‍റെ പകർപ്പ്‌ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്നും അതിനാൽ ഷാജഹാനെതിരെ കോടതിയലക്ഷ്യം നിലനിൽക്കുമെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - The High Court did not accept k m shajahan's apology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.