തിരുവനന്തപുരം : 2023 മെയ് മാസം എട്ടാം തീയതി കെഎസ്ആർടിസിയിലെ ബി.എം.എസ് യൂനിയൻ ആഹ്വാനം ചെയ്ത ഒരു ദിവസത്തെ പണിമുടക്കിനെ തുടർന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ഡയസ്നോൺ ഹൈക്കോടതി അംഗീകരിച്ചുവെന്ന് ചെയർമാൻ ആൻഡ് മാനേജ്മെന്റ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
കെ.എസ്.ആർ.ടി.സി കോടതിക്ക് നൽകിയ വിശദമായ മറുപടിയെ തുടർന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം കോടതി അംഗീകരിച്ചത്. എട്ടാം തീയതി സമരത്തിൽ പങ്കെടുത്ത ജീവനക്കാരിൽ നിന്നും ആ ദിവസത്തെ ശമ്പളം മാത്രമേ പിടിക്കാൻ കഴിയുള്ളൂ എന്ന് ചൂണ്ടി കാട്ടിയായിരുന്നു ജീവനക്കാർ കോടതിയെ സമീപിച്ചത്.
എന്നാൽ കെ.എസ്.ആർ.ടി.സിയിൽ വലിയൊരു ശതമാനം ഡ്യൂട്ടികളും ഒരു ദിവസത്തിൽ കൂടുതൽ വ്യാപിച്ചു കിടക്കുന്നവയാണ്. മിക്ക ഡ്യൂട്ടികളും ആരംഭിച്ചാൽ അടുത്തദിവസം കൂടി കടന്നുപോകുന്ന തരത്തിലാണ് ഉള്ളത്. ഈ സാഹചര്യത്തിൽ പണിമുടക്ക് നടത്തുന്ന ദിവസമല്ലാതെ മറ്റ് രണ്ട് ദിവസത്തെ സർവീസുകളെക്കൂടി ബാധിക്കും എന്ന കെ.എസ്.ആർ.ടി.സിയുടെ വാദം കോടതി അംഗീകരിച്ചത്.
പണിമുടക്കിന്റെ തലേദിവസമായ മേയ് ഏഴാം തീയതി രാത്രി സർവീസ് ആരംഭിച്ച് എട്ടാം തീയതി അവസാനിക്കുകയും, എട്ടാം തീയതി രാത്രി സർവ്വീസ് ആരംഭിച്ച് ഒൻപതാം തീയതി സർവീസ് അവസാനിക്കുകയും ചെയ്യുന്ന ദീർഘ ദൂര സർവീസുകളെ കെ.എസ്.ആർ.ടി.സിയുടെ ഈ നടപടി കാരണം മുടക്കം ഉണ്ടായില്ലെന്നും കോടതിയെ അറിയിച്ചു.
ഏഴാം തീയതി സർവീസ് ആരംഭിച്ച എട്ടാം തീയതി പൂർത്തിയാക്കേണ്ട സർവീസുകളിലേയും, എട്ടാം തീയതി സർവീസ് ആരംഭിച്ച ഒമ്പതാം തീയതി പൂർത്തിയാക്കേണ്ട സർവീസുകളിലെയും ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും വിവരങ്ങൾ ശേഖരിക്കാൻ കോടതി കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു കോടതിയെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.