ആരോഗ്യവകുപ്പ് ഏറ്റവും മോശം; ചീഫ്​ സെക്രട്ടറി പറഞ്ഞെന്ന്​ ആരോഗ്യ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്. അവലോകനയോഗത്തിൽ സംസ്ഥാനത്ത് ഏറ്റവും മോശമായി പ്രവർത്തിക്കുന്ന വകുപ്പ് ആരോഗ്യ വകുപ്പാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായുള്ള ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെയുടെ കത്ത് പുറത്ത്. പോരായ്മകൾ എണ്ണിപ്പറഞ്ഞും അവ അടിന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ഡി.എം.ഒമാർക്കും സ്ഥാപന മേധാവികൾക്കും അയച്ച കത്തിലാണ് ചീഫ് സെക്രട്ടറിയുടെ പരാമർശം.

വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോറിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ അടിയന്തര ശ്രദ്ധകൊടുക്കേണ്ട വിഷയങ്ങളിൽ വീഴ്ചയുണ്ട്. ഉദ്യോഗസ്ഥർ ജോലി കൃത്യമായി നിർവഹിക്കാത്തതാണ് ഇതിന് കാരണമെന്ന് കത്തിൽ പറയുന്നു. ഭരണം നന്നാക്കുകയാണ് വകുപ്പ് മേധാവികളുടെയും സ്ഥാപനമേധാവികളുടെയും പ്രാഥമിക ഉത്തരവാദിത്തം. 40 വർഷംവരെ പഴക്കമുള്ള കേസുകളാണ് കോടതികളിലുള്ളത്. 1980ലെ അവധി ശരിപ്പെടുത്തൽപോലും ഇപ്പോഴും ക്രമീകരിച്ചിട്ടില്ല.

2015ൽ ജീവനക്കാരെ അനധികൃതമായി നീക്കം ചെയ്തതിലും 2005 മുതൽ സ്ഥാനക്കയറ്റത്തിലെ അപാകതയടക്കമുള്ള കാര്യങ്ങളിലും ലക്ഷങ്ങളാണ് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ചുമതലപ്പെട്ടവർ കൃത്യസമയത്ത് നടപടിയെടുത്തിരുന്നെങ്കിൽ ഇതൊഴിവാക്കാമായിരുന്നു. ആരോഗ്യവകുപ്പിന്‍റെ സംസ്ഥാന, ജില്ല ഓഫിസുകളിൽ ഇ- ഓഫിസ് സംവിധാനം ഉടൻ നടപ്പാക്കണമെന്നും കത്തിൽ പറയുന്നു. തികച്ചും രഹസ്യസ്വഭാവത്തിൽ അയച്ച കത്ത് പുറത്തുവന്നത് ആരോഗ്യവകുപ്പിന് തലവേദനയായിട്ടുണ്ട്.

സമയബന്ധിതമായി നിയമനവും സ്ഥാനക്കയറ്റങ്ങളും നടക്കാത്തതിനാൽ വകുപ്പ് മേധാവിയുടേതടക്കം 170 ഓളം തസ്തികകൾ ഒരുവർഷമായി ഒഴിഞ്ഞുകിടക്കുകയാണ്. ഡോക്ടർമാരുടെ സംഘടനകളടക്കം പലവട്ടം ചൂണ്ടിക്കാട്ടിയും നടപടിയുണ്ടായിട്ടില്ല. അഡ്മിനിസ്ട്രേറ്റിവ് കേഡറിൽ രണ്ട് അഡീ. ഡയറ്കടർമാരുടെയും ആറ് ഡെപ്യൂട്ടി ഡയറക്ടർമാരുടെയും ഏഴ് അസി. ഡയറക്ടർമാരുടെയുമടക്കം 16 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജനറൽ കേഡറിൽ അഞ്ച് സിവിൽ സർജന്മാരുടെയും 45 അസി. സർജന്മാരുടെയുമടക്കം 58 തസ്തികകളും. സ്പെഷാലിറ്റി കേഡറിലും സ്ഥിതി വ്യത്യസ്തമല്ല. ജനറൽ മെഡിസിനിൽ 21ഉം ജനറൽ സർജറിയിൽ 22 ഉം ഗൈനക്കോളജിയിൽ ആറും അനസ്തേഷ്യ വിഭാഗത്തിൽ എട്ടും ഉൾപ്പെടെ 92 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

Tags:    
News Summary - The health department is the worst; The Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.