തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ മാസങ്ങളായി ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സർക്കാർ നിയമപോരാട്ടത്തിലേക്ക്. ഇതിന് മുന്നോടിയായി സർക്കാർ അഡ്വക്കറ്റ് ജനറലിന്‍റെ (എ.ജി) ഉപദേശം തേടി. ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ അസാധാരണ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്നത് സർക്കാർ ആലോചിക്കുന്നതായും കഴിഞ്ഞ ദിവസം നിയമമന്ത്രി കൂടിയായ പി. രാജീവ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ എ.ജിയിൽനിന്ന് നിയമോപദേശം തേടിയത്.
അതേസമയം, ബില്ലുകൾ കേന്ദ്ര സർക്കാറിന്റെയും രാഷ്ട്രപതിയുടെയും പരിഗണനക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് രാജ്ഭവൻ. സർക്കാർ കോടതിയിലേക്ക് നീങ്ങുന്നതോടെ ഇടവേളക്കുശേഷം ഗവർണറുമായി വീണ്ടും പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാകും.
ലോകായുക്ത നിയമ ഭേദഗതി, വൈസ് ചാൻസലർ നിയമനത്തിൽ സെർച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റംവരുത്തി ചാൻസലറായ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന സർവകലാശാല നിയമഭേദഗതി, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കം ചെയ്ത് വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ഉൾപ്പെടെയുള്ള ബില്ലുകളാണ് ഗവർണർ ഒപ്പിടാനോ തിരിച്ചയക്കാനോ തയാറാകാതെ വൈകിക്കുന്നത്.
സർവകലാശാല നിയമഭേദഗതിയിൽ ഒപ്പുവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഗവർണർക്കെതിരെ നിയമപോരാട്ടത്തിന് സർക്കാർ ഒരുങ്ങുന്നത്.
സമാനമായ നീക്കം തെലുങ്കാന സർക്കാർ അവിടത്തെ ഗവർണർക്കെതിരെ നടത്തിയിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളിൽ മാസങ്ങളായിട്ടും അനിശ്ചിതത്വം തുടരുന്നത് ഒഴിവാക്കണമെന്ന് നിയമസെക്രട്ടറിയും നിർദേശിച്ചിരുന്നു. ഇതിലാണ് എ.ജിയുടെ ഉപദേശം തേടിയശേഷം സുപ്രീകോടതിയിൽ പോകാൻ സർക്കാർ തയാറെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.