കണ്ണൂർ വി.സി പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് ഗവർണർ; അയച്ച കത്തുകൾ പുറത്തുവിട്ടു

തിരുവനന്തപുരം: കണ്ണൂർ വി.സി. പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതിന്‍റെ കത്തുകൾ പുറത്തുവിട്ടും ക​ണ്ണൂ​ർ ച​രി​ത്ര കോ​ൺ​ഗ്ര​സി​ൽ ത​നി​ക്ക് നേരെ​യുണ്ടായ പ്രതിഷേധ​ത്തിന്‍റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഔദ്യോഗിക വസതിയായ രാജ്ഭവനിൽ നടത്തിയ ആസാധാരണ വാർത്താസമ്മേളനത്തിലാണ് ദൃശ്യങ്ങളും കത്തുകളും ഗവർണർ പുറത്തുവിട്ടത്.

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് വാർത്താസമ്മേളനത്തിൽ ഗവർണർ ഉന്നയിച്ചത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നും സമ്മർദം ചെലുത്തിയെന്നും ഗവർണർ പറഞ്ഞു. വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകൾ ഗവർണർ പുറത്തുവിട്ടു. രാജ്ഭവനിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ശിപാർശ ചെയ്തത്.

2021 ഡിസംബർ എട്ടിനാണ് ആദ്യ കത്ത് മുഖ്യമന്ത്രി ഗവർണർക്ക് അയച്ചത്. വി.സി പുനർനിയമനത്തിൽ വെയിറ്റേജ് നൽകാമെന്ന് താൻ പറഞ്ഞു. എ.ജിയുടെ നിയമോപദേശം താൻ ആവശ്യപ്പെടാതെയാണ് നൽകിയത്. സമ്മർദമുണ്ടായതോടെ ചാൻസലർ സ്ഥാനത്ത് തുടരില്ലെന്ന് ചൂണ്ടിക്കാട്ടി താൻ കത്ത് നൽകി. എന്നാൽ, ചാൻസലർ പദവിയിൽ തുടരണമെന്ന് ഡിസംബർ 16ന് അയച്ച മറുപടി കത്തിൽ അഭ്യർഥിച്ചു.

ഉന്നത ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തി. സർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള സർക്കാറിന്‍റെ കത്ത് ജനുവരി 13ന് ലഭിച്ചു. പിന്നീട് വി.സി നിയമനരീതി മാറ്റാൻ നിയമഭേദഗതി സർക്കാർ കൊണ്ടു വന്നു. തുടർന്ന് അഞ്ചംഗ സമിതിക്ക് രൂപം നൽകുകയായിരുന്നുവെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

ക​ണ്ണൂ​ർ ചരിത്ര കോൺഗ്രസിൽ പ്രസംഗിക്കുന്നതിന്‍റെയും തുടർന്നുണ്ടായ സംഘർഷത്തിന്‍റെയും പി.ആർ.ഡി പകർത്തിയ ദൃശ്യങ്ങളാണ് ഗവർണർ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചത്. ഗവർണറുടെ പ്രസംഗത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഇടപെടുന്നത് ദൃശ്യങ്ങളിൽ കാണാം. ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികൾ പ്രതിഷേധിക്കുന്നതിന്‍റെ ശബ്ദവും ദൃശ്യങ്ങളിലുണ്ട്.

കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് ആണെന്ന് ഗവർണർ ആരോപിച്ചു. പ്രതിഷേധമുണ്ടായപ്പോൾ ഇടപെടാൻ ശ്രമിച്ച പൊലീസിനെ രാഗേഷ് തടയുകയായിരുന്നു. വേദിയിൽ നിന്ന് ഇറങ്ങി വന്നാണ് പൊലീസിനെ തടഞ്ഞത്. ചരിത്ര കോൺഗ്രസിൽ നടന്ന സ്വാഭാവിക പ്രതിഷേധമല്ലെന്നും ഗൂഢാലോചനയിൽ കെ.കെ. രാഗേഷിന് പങ്കുണ്ടെന്നും ഗവർണർ ആരോപിച്ചു. പ്രൈവറ്റ് സെക്രട്ടറിസ്ഥാനം ഇതിനുള്ള പാരിതോഷികമാണോ എന്ന് ഗവർണർ ചോദിച്ചു.

തന്നെ ആക്രമിക്കാനാണ് ചരിത്രക്കാരൻ ഇർഫാൻ ഹബീബ് ശ്രമിച്ചത്. അല്ലെങ്കിൽ തന്‍റെ അടുത്ത് വരാൻ അദ്ദേഹം ശ്രമിച്ചതെന്തിന്? സീറ്റിൽ നിന്ന് എഴുന്നേറ്റ് വന്നതിന് എന്തിന്? -ഗവർണർ ചോദിച്ചു.

ഗവർണർ മൈക്ക് കണ്ടാൽ പ്രതികരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും ഗവർണർ മറുപടി നൽകി. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. മാധ്യമങ്ങളിൽ നിന്ന് മാറി നടക്കാനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഗവർണർ പറഞ്ഞു. ആർ.എസ്.എസ് നിരോധിത സംഘടനയല്ലെന്നും 1986 മുതലുള്ള ബന്ധമാണ് തനിക്കുള്ളതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ള​ത്ത്​ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാണ് ക​ണ്ണൂ​രി​ലെ ചരിത്ര കോൺഗ്രസിൽ ത​നി​ക്ക് നേരെയു​ണ്ടാ​യ​ത്​ വ​ധ​ശ്ര​മ​മാ​​ണെ​ന്ന് ഗ​വ​ർ​ണ​ർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചത്. കൊ​ല​പ്പെ​ടു​ത്താ​ൻ ​ശ്ര​മി​ച്ചാ​ലു​ള്ള പ്ര​ത്യാ​ഘാ​തം എ​ന്താ​ണെ​ന്ന്​ അ​വ​ർ​ക്ക​റി​യാം. അ​തു​കൊ​ണ്ട്​ വ​ധി​ക്കാ​ന​ല്ല, പ​ക​രം ഭ​യ​പ്പെ​ടു​ത്താ​നാ​ണ്​ ശ്ര​മി​ച്ച​തെന്നും ഗവർണർ പറഞ്ഞിരുന്നു.

പൊ​തു​വേ​ദി​യി​ൽ സം​സാ​രി​പ്പി​ക്കാ​തി​രി​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യം. താ​ൻ വേ​ദി​യി​ലു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കേ​ണ്ട​ത്​ സ​ർ​വ​ക​ലാ​ശാ​ല വി.​സി​യാ​ണ്. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള​യാ​ൾ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യെ​ന്നും ഗ​വ​ർ​ണ​ർ ആരോപിച്ചു.

എന്നാൽ, എറണാകുളത്തെത്തിയ ഗവർണർ വ​ധ​ശ്ര​മ​മ​ല്ലെന്നും ഭ​യ​പ്പെ​ടു​ത്ത​ൽ നീ​ക്ക​മാണ് നടന്നതെന്നും തി​രു​ത്തി. ത​നി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന്​ കേ​സെ​ടു​ക്കാ​തി​രു​ന്ന​ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ പ്ര​കാ​ര​മാ​യി​രു​ന്നു എ​ന്നാ​ണ്​ ഗവർണർ പ്ര​തി​ക​രി​ച്ചിരുന്ന​ത്.

Tags:    
News Summary - The governor Arif Mohammed Khan released the evidence of the assassination attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.