വി.ഡി. സതീശന്‍
വി.സി നിയമനത്തിൽ ഇനി സർക്കാറിന് വാക്കില്ലേ?
തിരുവനന്തപുരം: യു.ജി.സി റഗുലേഷൻ അനുസരിച്ച് സാങ്കേതിക സർവകലാശാല (കെ.ടി.യു), ഡിജിറ്റൽ സര്‍വകലാശാല എന്നിവയുടെ നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം രണ്ടിടത്തെയും വി.സി നിയമനത്തിൽ സർക്കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. രണ്ടു സർവകലാശാലകളിലെയും വി.സി നിയമനം സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള ഹരജികൾ തീർപ്പാക്കാൻ സർക്കാറും ചാൻസലറായ ഗവർണറുടെ ഓഫിസ് ലോക്ഭവനും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്തിയത്. കഴിഞ്ഞ സർക്കാർ കാലത്ത് രണ്ടിടത്തും വി.സി നിയമനത്തിൽ ഗവർണറുമായി തർക്കം ഉടലെടുത്തപ്പോൾ വിഷയം സുപ്രീംകോടതിയിലെത്തുകയും ഒത്തുതീർപ്പിലെത്തുകയും ചെയ്തിരുന്നു.
സുപ്രീംകോടതി മുൻ ജഡ്ജി അധ്യക്ഷനായി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് പാനല്‍ തയാറാക്കുകയും പിന്നീട് ഗവര്‍ണര്‍-സര്‍ക്കാര്‍ ധാരണയില്‍ കെ.ടി.യുവില്‍ ഡോ. സിസാ തോമസും ഡിജിറ്റല്‍ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥും വി.സിമാരായി നിയമിക്കപ്പെട്ടു. ഈ കേസിലെ ഹരജികൾ തീര്‍പ്പാക്കാന്‍ കഴിഞ്ഞ 22ന് സുപ്രീംകോടതിയിൽ സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് രേഖയിലാണ് സര്‍വകലാശാല നിയമങ്ങള്‍ യു.ജി.സി റഗുലേഷൻ അനുസരിച്ച് ഭേദഗതി ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായി വ്യക്തമാക്കിയത്. ഇതോടെ, രണ്ടിടത്തെയും വി.സി നിയമനങ്ങളില്‍ സര്‍ക്കാറിനുള്ള നിയന്ത്രണം ഇല്ലാതാകും.
നിലവിലെ സർവകലാശാല നിയമപ്രകാരം സെര്‍ച്ച് കമ്മിറ്റി കണ്‍വീനറായി ചീഫ് സെക്രട്ടറി പ്രവര്‍ത്തിക്കണം. യു.ജി.സി റഗുലേഷനിൽ ഇതിന് വ്യവസ്ഥയില്ല. സർക്കാർ ശിപാർശ ചെയ്യുന്നയാളെ മാത്രമേ നിലവിലെ നിയമപ്രകാരം താൽക്കാലിക വി.സിയായി നിയമിക്കാൻ കഴിയൂ. യു.ജി.സി റഗുലേഷൻ പ്രകാരം നിയമം ഭേദഗതി ചെയ്യുമ്പോൾ വി.സി നിയമനത്തിൽ സർക്കാറിന് നിയന്ത്രണം നൽകുന്ന വ്യവസ്ഥകൾ ഇല്ലാതാകും.
യു.ജി.സി റഗുലേഷൻ പ്രകാരം വി.സി നിയമനത്തില്‍ സര്‍ക്കാർ ഇടപെടലിന് അവസരമില്ല. സെര്‍ച്ച് കമ്മിറ്റി രൂപവത്കരണം, കമ്മിറ്റി ശിപാർശ പ്രകാരം വി.സിയെ നിയമിക്കൽ എന്നീ അധികാരങ്ങളെല്ലാം ചാൻസലർക്ക് നൽകുന്ന രീതിയിലാണ് യു.ജി.സി സമീപകാലത്ത് പുറത്തിറക്കിയ പുതിയ കരട് റഗുലേഷൻ. ഗവർണർമാർ വഴി സർവകലാശാല വി.സി നിയമനത്തിൽ ഉൾപ്പെടെ ഇടപെടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് സഹായകരമാകുന്നതാണ് സർക്കാർ ഒപ്പിട്ടുനൽകിയ ധാരണാപത്രത്തിലെ വ്യവസ്ഥയെന്നാണ് വിമർശനം.
ഒത്തുതീർപ്പുണ്ടാക്കിയത് മുൻ സർക്കാർ -മന്ത്രി റോജി
തിരുവനന്തപുരം: സുപ്രീംകോടതിയിൽ കേസ് സംബന്ധമായ നടപടിക്രമങ്ങൾ തുടരുന്നതിന് പ്രസക്തിയില്ലാത്ത സാഹചര്യത്തിൽ സാങ്കേതികമായി കേസ് അവസാനിപ്പിക്കാനുള്ള അനുവാദം മാത്രമാണ് നൽകിയതെന്ന് മന്ത്രി റോജി എം.ജോൺ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് തർക്കം നിലനിന്നത്. വി.സി നിയമന വിഷയത്തിൽ സർക്കാറും ചാൻസലറും സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രീംകോടതി നേതൃത്വത്തിൽ നടന്നുവന്ന സ്പെഷൽ ലോക് അദാലത്തിലേക്ക് കേസ് റഫർ ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ അന്നത്തെ സർക്കാറും ചാൻസലറായ ഗവർണറും തമ്മിൽ ധാരണയിലെത്തിയതിനെ തുടർന്ന് സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വി.സിമാരെ നിയമിക്കുകയും അവർ ചുമതലയേറ്റെടുക്കുകയും ചെയ്തു.
ഇതോടെ നിലവിൽ കേസ് സംബന്ധമായ നടപടിക്രമങ്ങൾ തുടരുന്നതിന് പ്രസക്തിയില്ലാതായ സാഹചര്യത്തിൽ സാങ്കേതികമായി കേസ് അവസാനിപ്പിക്കാനുള്ള അനുവാദം മാത്രമാണ് ഇപ്പോൾ നൽകിയതെന്നും മന്ത്രി റോജി എം. ജോൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.