ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റുക ലക്ഷ്യം-എം.ബി. രാജേഷ്

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് മിനി സിവില്‍ സ്റ്റേഷന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

350 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം പൂർത്തീകരിക്കുന്നത്. ജനങ്ങള്‍ ദൈനംദിനം ആശ്രയിക്കേണ്ടി വരുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരു കുടക്കീഴില്‍ വരുന്നത് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും. സേവനം ഔദാര്യമല്ല മറിച്ച് അവകാശമാണ്. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്താതെ തന്നെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന രീതിയിലുള്ള മികച്ച സംവിധാനങ്ങള്‍ ഒരുക്കാനുള്ള പ്രവർത്തനങ്ങളാണ് സര്‍ക്കാർ തലത്തിൽ നടക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് പദ്ധതി പ്രാവര്‍ത്തികമായി കഴിഞ്ഞു. നിലവില്‍ മുനിസിപ്പാലിറ്റികളില്‍ കെ സ്മാർട്ട് വഴിയുള്ള സേവനം ലഭ്യമാകുന്നുണ്ട്. ഏപ്രില്‍ ഒന്ന് മുതൽ കെ-സ്മാര്‍ട്ടിൻ്റെ സേവന ഫലങ്ങൾ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ സമയബന്ധിതമായി ഓഫീസുകളില്‍ പോകാതെ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. കെ- സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കായുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതിന് സര്‍വ്വേ നടത്തി ഡിജിറ്റല്‍ സാക്ഷരരല്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി പരിശീലനം നല്‍കി വരുന്നുണ്ട്.

മാലിന്യമുക്ത കേരളം സാധ്യമാക്കാന്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകും. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ വഴി കൃത്യമായി പിഴ ഈടാക്കും.അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ കാര്യക്ഷമമായാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് .സി. ആര്‍ .പ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ ജോയ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി സനീഷ്, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ കെ. കെ. ജോയ് , ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു കൃഷ്ണകുമാർ, ജനപ്രതിനിധികള്‍, ഉദ്യോസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - The goal is to make Kerala a digitally literate state-M.B. Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.