കെ റെയിൽ വിരുദ്ധ സമരത്തിന്‍റെ ഒന്നാംഘട്ടം വിജയം; മുഖ്യമന്ത്രിക്ക് പിൻവാങ്ങേണ്ടി വരുമെന്ന് വി.ഡി. സതീശൻ

കൊച്ചി: കല്ലിടാതെ പഠനം നടത്താമെന്ന സർക്കാർ തീരുമാനം കെ-റെയിൽ വിരുദ്ധ സമരത്തിന്‍റെ ഒന്നാംഘട്ട വിജയമാണെന്നും എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ട്യത്തിൽനിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ടുപോകേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കല്ലിടൽ നടത്താതെ സാമൂഹിക ആഘാത പഠനമാകാമെന്ന പ്രതിപക്ഷത്തിന്‍റെ നിർദേശം ചെവിക്കൊള്ളാത്ത സർക്കാറിന് ഇപ്പോൾ ബോധോദയം ഉണ്ടായി. സർക്കാർ ജനങ്ങളോട് തെറ്റ് സമ്മതിക്കണം. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കണം.

തൃക്കാക്കരയിൽ ജനരോഷം സർക്കാറിന് ബോധ്യപ്പെട്ടു. കമീഷൻ റെയിലിന് ജനം എതിരായതുകൊണ്ടാണ് കല്ലിടൽ നിർത്താൻ സർക്കാർ നിർബന്ധിതരായത്. ആര് സമരം ചെയ്താലും കല്ലിടൽ തുടരുമെന്ന പ്രഖ്യാപനത്തിൽനിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ടുപോകേണ്ടിവന്നു. ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടൽ. കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങൾക്ക് മുന്നിൽ നരേന്ദ്രമോദി മുട്ടുമടക്കിയതിന് സമാനമായ അവസ്ഥയിലാണ് ഇവിടെ സംസ്ഥാന സർക്കാറും. കേരള സമരചരിത്രത്തിലെ ഐതിഹാസിക സംഭവമായി സിൽവർലൈൻ വിരുദ്ധ സമരം മാറുമെന്ന് പ്രതിപക്ഷം നേരത്തേ പറഞ്ഞിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോൾ കെ-റെയിൽ ചർച്ചചെയ്യുമെന്ന വെല്ലുവിളിയാണ് എൽ.ഡി.എഫ്​ കൺവീനറും വ്യവസായ മന്ത്രിയും നടത്തിയത്. മൂന്നുദിവസം കഴിഞ്ഞപ്പോൾ കൺവീനർ മാറ്റിപ്പറഞ്ഞു. വികസനം ചർച്ച ചെയ്യാമെന്ന യു.ഡി.എഫ്​ വെല്ലുവിളി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - The first phase of the anti-K rail strike was a success; VD Satheesan says CM will have to step down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.