കലയുടെ വർണോത്സവത്തിന് തിരുവനന്തപുരം കനകക്കുന്നിൽ നാളെ തുടക്കം; ആകർഷണമായി ആയിരം ഡ്രോണുകളുടെ ലൈറ്റ് ഷോ

സംസ്ഥാന സർക്കാരിന്റെ ടൂറിസം ഓണം വാരാഘോഷത്തിന് നാളെ തിരിതെളിയും. നാടെങ്ങും ഓണാഘോഷത്തിന്റെ ആവേശത്തിലേക്ക്. സർക്കാരിന്റെ ഓണാഘോഷ പരിപാടികൾക്ക് ബുധനാഴ്ച വൈകീട്ട് ആറിന് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി തുടക്കം കുറിക്കും.

മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പി, എം.എൽ. എമാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും. ചലച്ചിത്ര മേഖലയിലെ പ്രശസ്തരായ രവി മോഹൻ (ജയം രവി), ബേസിൽ ജോസഫ് എന്നിവർ മുഖ്യാതിഥികൾ ആകും. ഒമ്പതിന് വൈകീട്ട് ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനമാവുക.

മാനവീയം വീഥിയിൽ വച്ച് ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക. ഗവർണറെ സന്ദർശിക്കുകയും ഓദ്യോഗികമായി ക്ഷണിക്കുകയും ചെയ്ത് സർക്കാരിന്റെ ഓണക്കോടിയും ഗവർണർക്ക് കൈമാറി. ഗവർണർ ഓണാഘോഷ പരിപാടികൾക്ക്എത്താമെന്ന് അറിയിച്ചിട്ടുണ്ട്.

ഘോഷയാത്രയുടെ ഒരുക്കങ്ങളെ സംബന്ധിച്ച് സബ്കമ്മിറ്റി യോഗം ചേർന്നു വിലയിരുത്തി. വകുപ്പ് മേധാവികൾ അടക്കം പങ്കെടുത്ത യോഗത്തിൽ ഘോഷയാത്രയ്ക്കുള്ള ഫ്‌ളോട്ട് ഒരുക്കുന്നതിന്റെ കാര്യങ്ങൾ ചർച്ച ചെയ്തു. ആകർഷകമായി, മാതൃകാപരമായി ഘോഷയാത്ര സംഘടിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

സംസ്ഥാനത്ത് ആകമാനം നടക്കുന്ന ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണം തലസ്ഥാനത്തെ ഓണാഘോഷമാണ്. മുപ്പത്തിമൂന്ന് വേദികളിലായി വൈവിധ്യങ്ങളായ പരിപാടികളുമായാണ് തിരുവനന്തപുരത്തെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. പതിനായിരത്തോളം കലാകാരന്മാർ വിവിധ പരിപാടികളിൽ പങ്കെടുക്കും.

ഓണാഘോഷത്തിന് പുതുമയാർന്ന പരിപാടി കൂടി തലസ്ഥാനത്ത് ഒരുക്കുന്നുണ്ട്. 5, 6, 7 തീയതികളിൽ നഗരത്തിൽ ഡ്രോൺ ഷോ ഒരുക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂനിവേഴ്സിറ്റി സ്റ്റേഡിയം എന്നിവക്ക് മുകളിലായാണ് ഡ്രോൺ ലൈറ്റ് ഷോ നടക്കുക.

15 മിനിറ്റിലേറെ നീണ്ടു നിൽക്കുന്ന ഡ്രോൺഷോയാണ് ഒരുക്കുന്നത്. ആയിരത്തോളം ഡ്രോണുകളാണ് ഈ ഷോയിൽ പങ്കെടുക്കുക. കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നതാകും ഡ്രോൺ ഷോ. ഡ്രോൺ ഷോ ഓണത്തിന് നവ്യാനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിദേശ സഞ്ചാരികൾ അടക്കമുള്ളവർ ഇത്തവണത്തെ ഓണാഘോഷം അനുഭവിച്ചിറിയാൻ എത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഓണാഘോഷ പരിപാടികൾ ആസ്വദിക്കാനെത്തും. മറ്റ് ജില്ലകളിലും ഇത്തവണ മികച്ച പരിപാടികൾ ഓണാഘോഷത്തിന്നെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - The festival of art begins tomorrow at Kanakakunnu in Thiruvananthapuram; a light show of a thousand drones as an attraction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.