അഞ്ചരക്കണ്ടി: രണ്ടിടങ്ങളിലായി നടത്തിയ കോവിഡ് ടെസ്റ്റിൽ വ്യത്യസ്ത ഫലം വന്നതോടെ പ്രയാസത്തിലായിരിക്കുകയാണ് പ്രവാസി കുടുംബം. ഇതോടെ ടെസ്റ്റിൽ വ്യക്തത തേടി പ്രവാസി ഗൃഹനാഥൻ ഡി.എം.ഒക്ക് പരാതി നൽകി. വേങ്ങാട് ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലാണ് സംഭവം.
നവംബർ 29 ന് 10 ദിവസത്തെ അവധിക്കായി ദുബൈയിൽ നിന്നെത്തിയ പ്രവാസി കുടുംബം ഒരാഴ്ചക്കാലം ക്വാറൻറീൻ പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം കൂത്തുപറമ്പ് ഗവ.ആശുപത്രിയോടനുബന്ധിച്ചുള്ള സ്വാബ് ടെസ്റ്റിംഗ് സെൻററിൽ കോവിഡ് ടെസ്റ്റിന് വിധേയമായി. ആർ.ടി.പി.സി ആർ ടെസ്റ്റാണ് ആവശ്യപ്പെട്ടതെങ്കിലും ആൻറിജൻ ടെസ്റ്റ് നടത്തി. നാലു പേരിൽ മൂന്ന് പേരുടെത് നെഗറ്റീവും ഒരാളുടേത് പോസറ്റീവുമാണെന്ന് ഒരു മണിക്കൂറിനകം വിളിച്ചറിയിച്ചു. ലക്ഷണമൊന്നും ഇല്ലാതിരിക്കുകയും വിദേശത്ത് നിന്ന് ടെസ്റ്റ് കഴിഞ്ഞതിനാലും റിസൽട്ടിൽ അസ്വാഭാവികത തോന്നിയതിനാൽ പുതിയതെരുവിലുള്ള ഗവ.അംഗീകൃത സ്വകാര്യ ലാബിൽ എത്തി പരിശോധന നടത്തുകയായിരുന്നു. ആൻറിജൻ ടെസ്റ്റ്, ആർ.ടി.പി.സി.ആർ ഉൾപ്പെടെ നടത്തിയതിൽ രണ്ടും നെഗറ്റീവായി. ആദ്യ സ്വാബ് പരിശോധന നടന്നത് സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലായതിനാൽ ജില്ലാ കൊറോണ സെൻററിൽ നിന്നും മറ്റും നിരന്തരം വിളിച്ച് പുറത്തിറങ്ങരുത് എന്നും നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുകയാണെങ്കിൽ വീട് സീൽ ചെയ്യും എന്നും പറയുന്നതായി വീട്ടുടമ പറയുന്നു.
അത്യാവശ്യ കാര്യത്തിനായി ഏതാനും ദിവസത്തെ അവധിക്കെത്തിയ കുടുംബം ഇതോടെ പ്രയാസത്തിലായി. വീട്ടിൽ തന്നെ കഴിയാനാണ് ആരോഗ്യ വകുപ്പും നിർദ്ദേശിച്ചത്. വിഷയത്തിൽ അന്വേഷണം നടത്തണമെന്നും അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.