ഡോക്ടർക്കറിയാം തൃക്കാക്കരയുടെ ഹൃദയമിടിപ്പ്

കൊച്ചി: പുലർച്ച തൃക്കാക്കരയുടെ ഹൃദയത്തിലേക്ക് 'യൂത്ത് വാക്കു'മായാണ് ഡോ. ജോ ജോസഫ് നടന്ന് കയറിയത്. നൂറുകണക്കിന് യുവാക്കള്‍ക്കൊപ്പം ചെട്ടിച്ചിറ കോരു ആശാൻ സ്ക്വയറില്‍നിന്ന് ആരംഭിച്ച നടത്തം തൈക്കൂടം ബണ്ട് റോഡിൽ സമാപിച്ചു. തുടർന്ന് സൈക്കിൾ റൈഡും. ചളിക്കവട്ടത്തുനിന്ന് ആരംഭിച്ച് ഒബ്‌റോണ്‍ മാളിന് മുന്നിൽ സമാപിച്ച 'യൂത്ത് ഫോര്‍ ജോ' സൈക്കിള്‍ റൈഡില്‍ എം.പിമാരായ എ.എ. റഹീം, ശിവദാസന്‍ എന്നിവരും പങ്കുചേർന്നു. ഹെൽത്തി തൃക്കാക്കര എന്ന ആശയവുമായി നടത്തിയ പരിപാടിയിൽ ട്രാക്ക് സ്യൂട്ടണിഞ്ഞ് പങ്കെടുത്ത സ്ഥാനാർഥി നല്ലനടപ്പിന്‍റെ ആരോഗ്യപാഠങ്ങൾ തനിക്കൊപ്പമുള്ളവർക്ക് പകർന്നു നൽകാനും മറന്നില്ല.

അധികം വൈകാതെ മണ്ഡലപര്യടനം തുടങ്ങി. വിവാദങ്ങളിൽ തൊടാതെ വികസനവും ജനക്ഷേമവുമാണ് ചർച്ച. ഒരു ഭരണകക്ഷി എം.എൽ.എയെ തൃക്കാക്കരക്ക് വേണ്ടേ എന്നായിരുന്നു ചോദ്യം.

മണ്ഡലത്തിൽ രണ്ടു ദിവസമായുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യവും അദ്ദേഹത്തിന്‍റെ കരസ്പർശം നൽകുന്ന പോസിറ്റിവ് എനർജിയും തനിക്ക് ആവേശവും ആത്മവിശ്വാസവും നൽകുന്നതായി ജോ ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. വികസനക്കുതിപ്പ് ആഗ്രഹിക്കുന്ന തൃക്കാക്കരക്കാർ തനിക്ക് വോട്ടുചെയ്യും, ആ വാക്കുകളിൽ ആത്മവിശ്വാസം.

തമ്മനം കളത്തുങ്കൽ റോഡിലെത്തിയപ്പോൾ നാട്ടുകാർ തൃക്കാക്കരയുടെ ഹൃദയം എന്നെഴുതിയ ഹൃദയമാതൃകയാണ് നൽകിയത്. ഇരട്ട സഹോദരങ്ങളായ ഹുസൈന്‍ കോതാരവും ഹസന്‍ കോതാരവും ചേർന്ന് നിറങ്ങൾ ചാലിച്ച് വരച്ച ഡോ. ജോയുടെ കാരിക്കേച്ചർ ഖാദർ റോഡ് ജങ്ഷനിൽവെച്ച് കൈമാറി. പഴങ്ങളും പച്ചക്കറികളുമടങ്ങിയ കൊട്ടയാണ് ലേബര്‍ നഗര്‍ കോളനിയിലെ സ്വീകരണത്തില്‍ താരമായത്. തൃക്കാക്കര കുടിലിമുക്കിലെ മുഹ്യിദ്ദീൻ മസ്ജിദിന് മുന്നിലെത്തിയപ്പോൾ പെരിയാർവാലി കനാലിനക്കരെ കൈവീശുന്ന വയോധികയെ കണ്ടു, ജീപ്പിൽനിന്നിറങ്ങി കനാലിനുകുറുകെ ഇട്ടിരുന്ന പോസ്റ്റിലുടെ ഓടിച്ചെന്നു ജോ, 'നൂൽപാലം' കടന്നുവന്നതിന്‍റെ അമ്പരപ്പ് വിട്ടുമാറാതെതന്നെ വയോധിക തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. സെല്‍ഫിയെടുക്കാന്‍ ഫോണുമായി നിന്ന സ്ത്രീകളെയും കുട്ടികളെയും സെല്‍ഫിയുമെടുപ്പിച്ച് പൂക്കളും നല്‍കിയാണ് തിരികെയയച്ചത്.

കരിമക്കാട്, തോപ്പില്‍ ജങ്ഷന്‍, ഇഞ്ചിപ്പറമ്പ്, ചെമ്പുമുക്ക്, ദേശീയ കവല, നവനിര്‍മാണ്‍ സ്കൂള്‍, ചാത്തന്‍വേലി പാടം, ബോംബൈ സ്റ്റോഴ്‌സ്, കണ്ണംകുളം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച പര്യടനം അമ്പാടിമൂലയില്‍ സമാപിച്ചു.

പര്യടനത്തിലുടനീളം എ.എം. ഷംസീർ എം.എൽ.എയുടെ സന്നിധ്യമുണ്ടായി. ഓരോ സ്വീകരണകേന്ദ്രത്തിലുമുള്ള വർധിച്ച ജനക്കൂട്ടവും ലഭിക്കുന്ന ആവേശകരമായ സ്വീകരണവും സ്ഥാനാർഥിയുടെ ചടുലതയാർന്ന സമീപനവും ഇതൊക്കെ ഇടത് കേന്ദ്രങ്ങളിൽ നൽകുന്ന വിജയപ്രതീക്ഷ ചെറുതല്ല.

Tags:    
News Summary - The doctor knows the heartbeat of Thrikkakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.