തിരുവാഭരണം കമീഷണറെ തള്ളി; നിലവിലെ ബോർഡിനും വിശ്വാസം ഉണ്ണികൃഷ്ണൻ പോറ്റിയെ

പത്തനംതിട്ട: സ്മാർട്ട് ക്രിയേഷൻസിന്‍റെ പ്രവർത്തനം സുതാര്യമല്ലെന്ന ഉത്തരവ് നിലനിൽക്കെ, ദ്വാരപാലകശിൽപ പാളികൾ വീണ്ടും ചെന്നൈയിലെത്തിച്ച നിലവിലെ ദേവസ്വം ബോർഡ് നടപടിയും സംശയനിഴലിൽ. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ടാണ്, സ്വർണം വേർതിരിച്ച് വീണ്ടും പൂശാൻ കഴിയുന്ന സ്ഥാപനം ദക്ഷിണേന്ത്യയിലില്ലെന്ന് കാട്ടി ജൂലൈ 16ന് ദേവസ്വം ബോർഡ് ഉത്തരവിറക്കിയത്.

ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് അടക്കമുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തിയശേഷം തിരുവാഭരണം കമീഷണർ ഇക്കാര്യം ബോർഡിനെ അറിയിക്കുകയായിരുന്നു. എന്നാൽ, ഈ ഉത്തരവ് പുറത്തുവന്ന് രണ്ടുമാസം പിന്നിടുന്നതിനുമുമ്പ്, സെപ്റ്റംബർ ഏഴിന് അറ്റകുറ്റപ്പണികൾക്കായി ദ്വാരപാലകപാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയ തീരുമാനമാണ് സംശയത്തിനിടയാക്കുന്നത്. ഇത് തിരുവാഭരണം കമീഷണറെ തള്ളിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

പാളികളിൽ വീണ്ടും സ്വർണം പൂശാൻ സ്‌മാർട്ട് ക്രിയേഷന്‍സിന് സാങ്കേതിക വൈദഗ്‌ധ്യമില്ലെന്നും സന്നിധാനത്തുതന്നെ പരമ്പരാഗതരീതിയിൽ ജോലി നിര്‍വഹിക്കണമെന്നുമായിരുന്നു തിരുവാഭരണം കമീഷണർ ദേവസ്വം ബോർഡിന് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് ‘ചോർന്നു’കിട്ടിയ ഉണ്ണികൃഷ്ണൻ പോറ്റി ഉടൻ തിരുവാഭരണം കമീഷണറെ വിളിച്ചതായും ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസിൽ തന്നെയാണ് സ്വർണം പൂശിയതെന്നതിനാൽ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി അറിയിച്ചു. 2019ൽ ചെയ്തപ്പോൾ 40 വർഷത്തെ വാറന്‍റി നൽകിയിട്ടുണ്ടെന്നും ഇയാൾ കമീഷണറെ ധരിപ്പിച്ചു. തുടർന്ന് തിരുവാഭരണം കമീഷണർ സ്മാർട്ട് ക്രിയേഷൻസിൽ വിളിച്ച് ഇത് സ്ഥിരീകരിച്ചതായി വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്ന് മുൻ തീരുമാനം തിരുത്തി തിരുവാഭരണം കമീഷണർ ബോർഡിന് കത്ത് നൽകുകയും ഇതിന്‍റെ തുടർച്ചയായി ചെന്നൈയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഉത്തരവ് തിരുത്തിയതിനുപിന്നിൽ ബോർഡിന്‍റെ സമ്മർദവും ഉണ്ടെന്നാണ് സൂചന. സ്മാർട്ട് ക്രിയേഷൻസ് മനഃപൂർവം തിരുവാഭരണം കമീഷണറെ തെറ്റിദ്ധരിപ്പിച്ചതായും സംശയിക്കുന്നു.

പുതുതായി നൽകിയ കത്തിൽ സ്വർണം പൂശിയിട്ടുള്ളതിനാൽ പാളികൾ ശബരിമലയിൽനിന്ന് പുറത്തുകൊണ്ടുപോകുന്നതിൽ കരുതൽ വേണമെന്നും തിരുവാഭരണം കമീഷണർ നിർദേശിച്ചിരുന്നു. ഇതുമൂലം സ്വർണപ്പാളികൾ സ്വന്തംനിലയിൽ കൊണ്ടുപോകാനുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രമവും പാളി. ദേവസ്വം ഉദ്യോഗസ്ഥർക്കൊപ്പം പാളികൾ കൊണ്ടുപോകുകയാണെങ്കിൽ അവരുടെ ചെലവ് വഹിക്കില്ലെന്ന് നിലപാടെടുത്ത ഉണ്ണികൃഷ്ണൻ പോറ്റി, താൻ തനിയെ കൊണ്ടുപോകാമെന്നും അറിയിച്ചു. എന്നാൽ, തിരുവാഭരണം കമീഷണർ അംഗീകരിച്ചില്ല. ഇതേതുടർന്നാണ് ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവ ചെന്നൈയിൽ എത്തിച്ചത്.

2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്വർണം പൂശിനൽകിയ പാളികൾ വീണ്ടും അറ്റകുറ്റപ്പണിക്കായി സെപ്റ്റംബർ ഏഴിന് വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഇത് അനുമതിയില്ലാതെയാണെന്ന് സ്പെഷൽ കമീഷണർ ഹൈകോടതിക്ക് റിപ്പോർട്ട് നൽകിയതോടെയാണ് സ്വർണക്കൊള്ള പുറത്തുവന്നത്.

Tags:    
News Summary - The Devaswom Board's actions also under suspicion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.