എം.എ. ബേബി
വെളിപ്പെട്ടത് വൃത്തികേടുകളുടെ ആഴം, അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം; ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എംഎ ബേബി
തിരുവനന്തപുരം: ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസിനും ബി.ജെ.പിക്കും വേണ്ടി ഗ്യാനേഷ് കുമാർ നടത്തിയ നിയമലംഘനങ്ങൾ രാജ്യത്ത് നടക്കുന്ന വൃത്തികേടുകളുടെ ആഴം എത്രത്തോളമെന്ന് വെളിപ്പെടുത്തുന്നതായി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. മോദിയും അമിത് ഷായും മോഹൻ ഭാഗവതും ചേർന്ന് രാജ്യത്തിന്‍റെ അധികാരം കൈപ്പിടിയിലൊതുക്കുന്നത് എങ്ങനെയെന്നതാണ് പുറത്തുവന്നത്. ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണിത്.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേർന്ന സമിതി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി. എന്നാൽ, പാർലമെന്റിലെ ഭൂരിപക്ഷം കൊണ്ട് ബി.ജെ.പി ആഭാസകരമായ നിയമമുണ്ടാക്കുകയും സുപ്രീംകോടതി സൂക്ഷ്മമായ നിർദേശങ്ങൾ വലിച്ചുകീറി ചവറ്റുകൊട്ടയിൽ ഇടുകയുമായിരുന്നു. സമിതിയിലെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കാബിനറ്റ് മന്ത്രിയുമെന്ന നിലയിലേക്ക് സമിതിയുടെ ഘടന മാറ്റി. ഇതോടെയാണ് പ്രധാനമന്ത്രി നിർദേശിക്കുന്നയാൾക്ക് സമിതിയിൽ ഭൂരിപക്ഷം കിട്ടാൻ തുടങ്ങിയത്.
ഇൻഡ്യ മുന്നണി കൂടുതൽ ഉത്തരവാദിത്വ ബോധത്തോടെ ഈ വിഷയത്തിൽ ഇടപെടണം. ഇൻഡ്യ ബ്ലോക്കിന് പുറത്ത് നിൽക്കുന്നവരെ കൂടി സമരത്തിന്‍റെ ഭാഗമാക്കണം. ഈ സാഹചര്യത്തിൽ ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികൾക്ക് മാത്രമല്ല, പുറത്തുള്ള പാർട്ടികളുടെ നേതാക്കൾക്കും താൻ കത്തെഴുതിയിട്ടുണ്ട്.
തൃണമൂൽ നേതാവ് മമതാ ബാനർജി അനുകൂലമായി പ്രതികരിച്ച് ആദ്യം മറുപടി അയച്ചു. സാമൂഹിക സംഘടനകൾ, ബുദ്ധിജീവികൾ, കലാകാരന്മാർ എന്നിവരെയെല്ലാം ഒപ്പം നിർത്തണം. സി.ജെ.പി നേതാക്കൾക്കും കത്തെഴുതി. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആധിപത്യത്തിന്‍റെ നാളുകൾ എണ്ണപ്പെട്ടതിന്റെ സൂചനയാണ് എൻ.ഡി.എ ഘടകകക്ഷികളുടെ വിയോജിപ്പ് അടിവരയിടുന്നതെന്നും ബേബി വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
‘ഗ്യാനേഷിന്‍റെ പശ്ചാത്തലം വ്യക്തം’
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച ഗ്യാനേഷ് കുമാറിന്‍റെ നടപടി അദ്ദേഹത്തിന്‍റെ പശ്ചാത്താലം വ്യക്തമാക്കുന്നതായി എം.എ. ബേബി. ഇതിനേക്കാൾ നല്ലത് ബി.ജെ.പിയിൽ ചേർന്ന് എന്തെങ്കിലും സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ പറ്റുമോ എന്ന് നോക്കലായിരുന്നു.
ജനാധിപത്യ പ്രക്രിയയെ ഇത്തരത്തിൽ പീഡിപ്പിക്കാനും മാനഭംഗപ്പെടുത്താനും പാടില്ലായിരുന്നു. വളരെ ദൗർഭാഗ്യകരമാണ്. മുമ്പ് ഇക്കാര്യം ജിജി തോംസൺ വെളിപ്പെടുത്തിയിരുന്നില്ല. എന്തായാലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ചുമതല ഏൽപ്പിക്കാനുള്ള സ്വതന്ത്രത, നിർഭയത്വം, രാഷ്ട്രീയ നിഷ്പക്ഷത എന്നിവയൊന്നുമില്ലാത്തയാളാണ് ഗ്യാനേഷെന്ന് കണ്ടുപിടിക്കാൻ വേറെ പരിശോധനയുടെ ആവശ്യമില്ലെന്ന് ബേബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.