കേസുകളിൽ പ്രതി ചേർക്കപ്പെട്ട വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള തീരുമാനം ഭരണഘടന വിരുദ്ധം; കേരള സർവകലാശാല സർക്കുലർ പിൻവലിക്കണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

തിരുവനന്തപുരം: കേരള സർവകാലാശാല വി.സി. മോഹനൻ കുന്നുമ്മൽ പുറപ്പെടുവിച്ച "കേസുകളിൽ പ്രതിചേർക്കപ്പെട്ട വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കാനുള്ള" ഉത്തരവ് ഗുരുതരവും ആശങ്കാജനകവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറിയേറ്റ്. കേസ് ചുമത്തപ്പെട്ടതിൻറെ പേരിൽ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. കേസിൽ പ്രതിചേർക്കപ്പെട്ടത് ഒരാൾ കുറ്റവാളി ആണോ അല്ലേ എന്നതിന്റെ മാനദണ്ഡമല്ല. കുറ്റവാളിയാണെങ്കിൽപോലും വിദ്യാഭ്യാസം നേടാൻ അവകാശം ഉണ്ടായിരിക്കെ, കുറ്റവാളിപോലുമല്ലാത്ത പ്രതി ചേർക്കപ്പെട്ടവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നടപടി പ്രതിഷേധാർഹമാണ്.

വിദ്യാഭ്യാസം നേടണമെന്നാഗ്രഹിക്കുന്ന മുഴുവൻ പേർക്കും സൗകര്യമൊരുക്കുക എന്നതാണ് യൂനിവേഴ്സിറ്റിയുടെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടി, ചില വിദ്യാർഥികളെ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. വിദ്യാർഥികളെ നല്ല വിദ്യാർഥി, മോശം വിദ്യാർഥി അല്ലെങ്കിൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട വിദ്യാർഥി, പ്രതിചേർക്കപ്പെടാത്ത വിദ്യാർഥി എന്നിങ്ങനെ തട്ടുകളാക്കി തരംതിരിച്ച് വിദ്യാഭ്യാസം നേടാൻ അർഹതയുള്ളവരും അർഹതയില്ലാത്തവരുമായി തിരിക്കുന്നതാണ് സർവകലാശാല ഉത്തരവ്.

വിദ്യാഭ്യാസം നിഷേധിക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ തകർക്കാനുള്ള ക്രൂരനീക്കമാണ്. സർവകലാശാലകളും കോളജുകളും ജനാധിപത്യത്തിന്‍റെയും നീതിയുടെയും കേന്ദ്രങ്ങളാണാകേണ്ടത്. അല്ലാതെ, ഭരണകൂടങ്ങളുടെ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങുന്ന സ്ഥലങ്ങളായി മാറരുത്. വി.സിയുടെ ഭരണഘടനാവിരുദ്ധവും വിദ്യാർഥി വിരുദ്ധവുമായ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അല്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്താവിച്ചു. പ്രസിഡൻറ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - The decision to deny admission to students accused in cases is unconstitutional -Fraternity Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.