ഗായകൻ പി. ജയചന്ദ്രന്റെ മൃതദേഹം തൃശൂർ റീജനൽ തിയറ്ററിലെ
പൊതുദർശനത്തിനുശേഷം ആദരാഞ്ജലി അർപ്പിച്ചുള്ള ഫ്ലക്സിന്റെ
മുന്നിലൂടെ പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നു
തൃശൂര്‍: രാഗസാന്ദ്രമായ ആലാപനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഭാവഗായകന് പി. ജയചന്ദ്രന് സാംസ്കാരിക നഗരം നല്‍കിയത് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നുള്ള വിടപറച്ചില്‍. സമൂഹത്തിന്റെ നാനാതുറകളിൽപെട്ട പ്രമുഖര്‍ വിശിഷ്ട ഗായകനെ അവസാനമായി ഒരുനോക്ക് കാണാനെത്തി. കേരള സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ നിരവധി പേര് അന്തിമോപചാരം അര്‍പ്പിച്ചു.
ചലച്ചിത്ര ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, നടന്മാരായ മമ്മൂട്ടി, ബിജു മേനോൻ, രമേഷ് പിഷാരടി, മനോജ് കെ. ജയന്, രണ്‍ജി പണിക്കര്‍, ജയരാജ് വാര്യര്‍, ലിഷോയ്, ബാലചന്ദ്രമേനോൻ, സംവിധായകരായ സത്യന് അന്തിക്കാട്, സിബി മലയില്‍, കമല്‍, സംഗീത സംവിധായകരായ ഔസേപ്പച്ചന്, വിദ്യാധരൻ മാസ്റ്റർ, ഗായകൻ എം.ജി. ശ്രീകുമാർ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്, മാതൃഭൂമി ചെയര്മാന് ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്, പെരുവനം കുട്ടന്മാരാര്, കലാമണ്ഡലം ഗോപി, ഗായകൻ അനൂപ് ശങ്കർ, കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചക്ക് ഒന്നോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം തിരികെ പൂങ്കുന്നത്തെ വസതിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ 12 വരെ പറവൂര്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനമുണ്ടാകും. ഉച്ചക്ക് 3.30നാണ് സംസ്കാര ചടങ്ങുകള്‍.
പറവൂര്‍: മലയാളിയുടെ പ്രിയഗായകൻ പി. ജയചന്ദ്രന് വിങ്ങുന്ന മനസ്സോടെ ചേന്ദമംഗലം ഗ്രാമം ശനിയാഴ്ച വിടചൊല്ലും. തൃശൂരിലെ വസതിയിൽനിന്ന് ശനിയാഴ്ച രാവിലെ 10ന് ഭൗതികശരീരം പാലിയം നാലുകെട്ടിൽ പൊതുദർശനത്തിന് െവക്കും. 11 മണിയോടെ പൊതുദർശനം ആരംഭിക്കും. അന്തിമോപചാരമർപ്പിക്കാൻ വരുന്നവർക്കായി നാലുകെട്ടിന് മുന്നിൽ വലിയ പന്തലും മറ്റ് സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാലിയം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും പാലിയം കൊട്ടാരത്തിന് എതിർവശത്തുള്ള മൈതാനിയും സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് 3.30ന് പാലിയം തറവാട്ട് ശ്മശാനത്തിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നത്.
പാലിയത്ത് സുഭദ്ര കുഞ്ഞമ്മയുടെയും രവിപുരം രവിവര്‍മ കൊച്ചനിയന് തമ്പുരാന്റെയും മകനായി 1944 മാര്‍ച്ച് മൂന്നിന് രവിപുരത്താണ് ജയചന്ദ്രന്റെ ജനനമെങ്കിലും കുട്ടിക്കാലം ഏറെയും ചെലവഴിച്ചത് പാലിയത്തായിരുന്നു. ചേന്ദമംഗലത്തെ പാലിയം കാട്ടിലാമഠത്തിൽ താമസിച്ചിരുന്ന ജയചന്ദ്രൻ നാലാം ക്ലാസുവരെ പാലിയത്തെ നാലുകെട്ട് സ്കൂളിലാണ് പഠിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.