കൽപറ്റ: പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്‍ലാമിയുമായി പരസ്യമായി തെരഞ്ഞെടുപ്പ് ബന്ധമുണ്ടാക്കിയവർക്ക് യു.ഡി.എഫിനെ പറയാൻ എന്ത് അർഹതയാണ് ഉള്ളതെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ്-ജമാഅത്തെ ഇസ്‍ലാമി ബന്ധത്തെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം സംബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ തെരഞ്ഞെടുപ്പുകളിലെ സി.പി.എം- ജമാഅത്തെ ഇസ്‍ലാമി സഖ്യത്തിന്റെ വിഡിയോ ഉൾപ്പെടെ വിവരങ്ങൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണ്. അങ്ങനെ മുറിച്ചുമാറ്റാൻ കഴിയുന്ന ബന്ധമല്ല ഇവർ തമ്മിൽ ഉള്ളത്. ലോക്സഭയിലും പാർലമെന്റിലും പരസ്യമായ ബന്ധം ഉണ്ടായിരുന്നു. അവരാണ് ഇപ്പോൾ യു.ഡി.എഫ്- ജമാഅത്തെ ഇസ്‍ലാമി ബന്ധമെന്ന് പറഞ്ഞ് ആരോപണം ഉന്നയിക്കുന്നത്.
ഒരു വിരൽ തങ്ങളുടെ നേരെ ചൂണ്ടുമ്പോൾ നാല് വിരലും അവർക്കു നേരെയാണെന്ന് മനസ്സിലാക്കുന്നത് നന്നാകും. പ്രാദേശിക തെരഞ്ഞെടുപ്പായത് കൊണ്ടുതന്നെ റിസർച് ചെയ്ത് നടന്നാൽ അപ്പുറത്തും ഇപ്പുറത്തും പലതും കാണാനുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടേണ്ട ഗതികേട് ഒരു ഘട്ടത്തിലും ഇടതുപക്ഷത്തിന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തൃശ്ശൂരിൽ പ്രസ് ക്ലബിൽ നടത്തിയ മീറ്റ് ദ പ്രസിൽ വ്യക്തമാക്കിയത്. ഞങ്ങൾ അവർക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തിട്ടില്ലെന്നും പിണറായി പറഞ്ഞു.
യു.ഡി.എഫിനുള്ള പ്രചാരണ മെറ്റീരിയിൽ തയാറാക്കുന്നത് പോലും ജമാഅത്തെ ഇസ്ലാമിയാണ്. ഇടതുപക്ഷത്തിനെ കഴിഞ്ഞ 30 വർഷം പിന്തുണച്ചവരാണ് ജമാഅത്തെ ഇസ്ലാമിയെന്ന ആരോപണം വസ്തുതക്ക് നിരക്കുന്നതല്ലെന്നും പിണറായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.