ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെയും സി.പി.എമ്മിന്‍റെ മതേതര വിശ്വാസ്യതക്കെതിരെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നടത്തിയ പ്രകോപനപരമായ പ്രസ്താവനകൾ തള്ളിക്കളയുന്നതായി സി.പി.എം പോളിറ്റ് ബ്യൂറോ. നിയമസഭാ തെരഞ്ഞെടുപ്പിൽ വിലകുറഞ്ഞ ഇലക്ടോറൽ നേട്ടങ്ങൾക്കുവേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും സി.പി.എം കുറ്റപ്പെടുത്തി.
ബി.ജെ.പിക്കു പകരം സി.പി.എമ്മിനെ ലക്ഷ്യം വെക്കുന്നതിലൂടെ വർഗീയ-ഏകാധിപത്യ ശക്തികൾക്കെതിരെ പോരാടുമെന്ന കോൺഗ്രസ് നേതാക്കളുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ കുടില തന്ത്രം കേരളത്തിലെ ജനം തിരിച്ചറിയും. ഓരോ സംസ്ഥാനത്തും കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും സി.പി.എം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഒരു വശത്ത് യു.ഡി.എഫും മറുവശത്ത് എൽ.ഡി.എഫും വിഭജന രാഷ്ട്രിയം പ്രോത്സാഹിപ്പിക്കുന്ന ബി.ജെ.പിയും ചേർന്ന അവിശുദ്ധ മുന്നണിയുമാണുള്ളത്. അഴിമതി കേസുകൾ പോലും കണ്ടില്ലെന്ന് നടിച്ച് കേരളത്തിലെ സി.പി.എമ്മിനെ ബി.ജെ.പി സഹായിക്കുകയാണെന്നും കോഴിക്കോട് കടപ്പുറത്ത് നടന്ന യു.ഡി.എഫ് മഹാറാലിയിൽ രാഹുൽ ആരോപിച്ചിരുന്നു.
അസ്സമിലെ ഇപ്പോഴത്തെ ബി.ജെ.പി മുഖ്യമന്ത്രി മുൻ കോൺഗ്രസ് സർക്കാറിൽ പ്രധാന വകുപ്പുകൾ വഹിച്ചിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ത്രിപുരയിൽ, ഇടതുമുന്നണിയെ പരാജയപ്പെടുത്തുന്നതിനായി 2018ൽ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ബി.ജെ.പിയിൽ ചേർന്നു. കേന്ദ്ര സർക്കാറിലെ നിരവധി മന്ത്രിമാരും ബി.ജെ.പിയിലെ പാർലമെന്റ് അംഗങ്ങളും മുമ്പ് കോൺഗ്രസ് നേതാക്കളായിരുന്നു. അങ്ങനെ കോൺഗ്രസ് ബി.ജെ.പിക്കൊരു പോഷക സംഘടനയായി മാറി. നിലവിലെ എൽ.ഡി.എഫ് സർക്കാറിന്‍റെ പത്തു വർഷത്തെ ഭരണത്തിനിടയിൽ കേരളത്തിൽ ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല, എന്നാൽ മാറാട് വർഗീയ കലാപം നടന്നത് യു.ഡി.എഫ് ഭരണകാലത്താണ്. ഈ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ന്യൂനപക്ഷ മൗലികവാദ ശക്തികളുമായി സഖ്യത്തിലാണ്. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഉൾപ്പെടെ കേരളത്തിലെ വിവിധ തിെഞ്ഞെടുപ്പുകളിൽ കോൺഗ്രസ്-മുസ്ലിം ലീഗ്-ബി.ജെ.പി കൂട്ടുകെട്ട് തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ സി.പി.എ) എക്കാലവും എതിർത്തിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി, ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉദ്ധരിച്ച് ഒരു പ്രതിപക്ഷ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്. ഡൽഹിയിലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ഇതേ രീതിയിൽ ആവശ്യപ്പെട്ടിരുന്നു എന്നകാര്യം വിസ്മരിക്കരുത്. ഇത് അവരുടെ അവസരവാദ നിലപാടിനെ തുറന്നുകാട്ടുന്നതാണ്.
എൽ.ഡി.എഫ് ഭരണത്തിനു കീഴിൽ പത്തു വർഷമായി അഭൂതപൂർവമായ വികസനവും വർഗീയ സൗഹാർദവും നേരിൽ കണ്ട കേരളത്തിലെ ജനങ്ങൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിനും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എക്കും തക്കതായ മറുപടി നൽകുമെന്നും സി.പി.എം പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.