തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. വർക്കല സ്വദേശിനി ആരതിയെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ ആരതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. അതുലിന്റെ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ അതുൽ ആരതിയെ ക്രൂരമായി മർദിക്കാൻ തുടങ്ങിയിരുന്നു. ഈ മർദനങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ ആരതി തന്റെ അമ്മക്ക് അയച്ചുകൊടുത്തിരുന്നു. വിവാഹസമയത്ത് നൽകിയ 50 പവൻ സ്വർണം അതുൽ പല ഘട്ടങ്ങളിലായി പണയം വെച്ചതും പണം ആവശ്യപ്പെട്ടുള്ള പീഡനവും കുടുംബപ്രശ്നങ്ങൾക്ക് കാരണമായി. കൂടാതെ, അതുലിന് മറ്റു ബന്ധങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞത് തർക്കങ്ങൾ രൂക്ഷമാക്കിയെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ രാത്രി ഇവർ തമ്മിൽ കടുത്ത വഴക്കുണ്ടാകുകയും അതുൽ ആരതിയെ മർദിക്കുകയും ചെയ്തു. മർദനത്തിന് ശേഷം അതുൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സമയത്താണ് ആരതി ജീവനൊടുക്കിയത്. അമ്മയുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് ആരതി കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
അതുലിന്റെ മുൻ വിവാഹനിശ്ചയം മുടങ്ങിയതിനെ തുടർന്ന് മറ്റൊരു യുവതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഈ വിവരം ആരതിയുടെ കുടുംബത്തിന് അറിയാമായിരുന്നില്ല. ആറു മാസം മുൻപാണ് ഇവർ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ആരതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ആരതിയുടെ ആത്മഹത്യാകുറിപ്പും ഡയറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോർട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.