രമേശ് ചെന്നിത്തല

'ചെറ്റത്തരം' പരാമർശം; മുഖ്യമന്ത്രിയുടേത് പദവിക്ക് നിരക്കാത്ത പ്രയോഗം -രമേശ് ചെന്നിത്തല

ഹരിപ്പാട്: ജി. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രയോഗം അദ്ദേഹം വഹിക്കുന്ന പദവിക്ക് ചേർന്നതല്ലെന്നും ഇത്രയും വില കുറഞ്ഞ പദം ഒരു മുഖ്യനും ഇതിന് മുമ്പ് ഉപയോഗിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല. ഹരിപ്പാട് മണ്ഡലം യു. ഡി. എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ താനാക്കിയത് ഹരിപ്പാട്ടേ ജനങ്ങളാണ്. ഹരിപ്പാട്ടുകാരും ഞാനും പൊക്കിൾകൊടി ബന്ധമാണെന്നും ഞാൻ ഹരിപ്പാട്ടുകാരുടെ സുഖത്തിലും ദുഖത്തിലും പങ്കെടുക്കുന്ന രാഷ്ട്രീയ പ്രവർത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിപ്പാട് എം.എൽ.എ ആയപ്പോൾ ജാതി മത രാഷ്ട്രീയം നോക്കാതെ എല്ലാവരുടെയും കാര്യത്തിൽ ഇടപെട്ടതിൽ തന്റെ പാർട്ടിക്കുള്ളിൽ തന്നെ നീരസം ഉണ്ടെന്നും തന്നോടൊപ്പം നിൽക്കുന്നവരെ മാറ്റിനിർത്താൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ 'ചെറ്റത്തരം' പരാമർശത്തിന് മറുപടിയുമായി മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനമുണ്ട്. പാവപ്പട്ടവൻറെ പുരകളുടെ പ്രതീകമാണ് ചെറ്റ. അത്കൊണ്ട് മുഖ്യമന്ത്രി തന്നെ ചെറ്റ എന്ന് വിളിച്ചതിലൂടെ പാവപ്പെട്ടവരെയാണ് അധിക്ഷേപ്പിച്ചത്. മാത്രമല്ല താനും ചെറ്റക്കുടിലിൽ തന്നെ വളർന്നിട്ടുള്ള ആളാണ്. അതിന് ശേഷമാണ് പിന്നീട് വീട് എടുത്തൊക്കെ മാറുന്നത്. നീ പോടെ ചെറ്റെ എന്ന് മാത്രമല്ല അതിന് അർഥമുളളത്. സാധാരണക്കാരന്റെ വീടിനെ ആക്ഷേപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലയാള ഭാഷയിലെ പദങ്ങളുടെ അർത്ഥഭേദങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് സുധാകരൻ പരിഹസിച്ചു. തന്നെ എന്ത് പേര് വിളിച്ചാലും തിരിച്ച് അസഭ്യം പറയില്ലെന്നത് തന്റെ 'ഗുരുത്വ'മാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നെ ചെറ്റ എന്നല്ല, വറ്റ മത്സ്യം എന്ന് വിളിച്ചാലും ഞാൻ തിരിച്ചു ചീത്ത പറയില്ലെന്നും ജി. സുധാകരൻ പറഞ്ഞു.

Tags:    
News Summary - The Chief Minister's statement is unbecoming of his position - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.