ഇസഡ് പ്ലസ് സുരക്ഷ കേന്ദ്ര നിർദേശമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് രേഖകൾ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തനിക്ക് ഇസഡ് പ്ലസ് സുരക്ഷയൊരുക്കിയതെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദം തെറ്റെന്ന് രേഖകൾ. മുഖ്യമന്ത്രി പിണറായി വിജയന് ഏതുതരം സുരക്ഷ ഒരുക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടില്ല. പകരം വി.ഐ.പികൾക്ക് സുരക്ഷ തീരുമാനിക്കുന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി രൂപവത്കരണം കേന്ദ്ര സർക്കാർ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാകണമെന്നേ ഉള്ളൂ.

ഇതിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ഇന്റലിജന്‍സ് എ.ഡി.ജി.പി, സുരക്ഷാവിഭാഗം ഐ.ജി അല്ലെങ്കില്‍ ഡി.ഐ.ജി, സബ്‌സിഡിയറി ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി അല്ലെങ്കില്‍ ജോയന്‍റ് ഡയറക്ടര്‍ എന്നിവരടങ്ങിയ അഞ്ചംഗസമിതിയാണ് സംസ്ഥാനത്തെ വി.ഐ.പികളുടെ സുരക്ഷ തീരുമാനിക്കുന്നത്. ഈ സമിതിയാണ് പ്രധാനമന്ത്രിക്കും തീവ്രവാദ ഭീഷണി നേരിടുന്നവർക്കും നൽകുന്ന ഇസഡ് പ്ലസ് സുരക്ഷ മുഖ്യമന്ത്രിക്ക് ഒരുക്കിയത്.

മുഖ്യമന്ത്രി കടന്നുപോകുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും വാഹനങ്ങള്‍ പൊലീസ് തടഞ്ഞിടുന്നത് ഇതിന്‍റെ ഭാഗമായാണ്. റോഡുകളിലെ ഡ്യൂട്ടിയടക്കം നൂറുകണക്കിന് പൊലീസുകാരുടെ സേവനമാണ് മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഉപയോഗിക്കുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നിയമസഭയിൽ പ്രതിപക്ഷം ചോദ്യമുയർത്തിയപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗനിർദേശപ്രകാരമാണ് തനിക്ക് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നതെന്ന വാദം മുഖ്യമന്ത്രി ഉയർത്തിയത്.

Tags:    
News Summary - The Chief Minister's claim that Z plus security is a central proposal is wrong, records show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.