കരോൾ കുട്ടികൾ മദ്യപിച്ചെന്ന ബി.ജെ.പി നേതാവിന്റെ പരാമർശം: പ്രതികരണവുമായി സന്ദീപ് വാര്യർ

പാലക്കാട്: പുതുശ്ശേരിയിൽ ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിനിരയായ കരോൾ സംഘത്തെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ അധിക്ഷേപിച്ചതിനെതിരെ സന്ദീപ് വാര്യർ. സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാരുടെ പിള്ളേരുടെ മെക്കിട്ടു കയറാൻ ഇവനൊക്കെ ആരാണ് അനുമതി കൊടുത്തതെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

‘കരോൾ നടത്തിയ കുട്ടികൾ മദ്യപിച്ചിരുന്നു എന്നാണ് ബിജെപിയുടെ പാൽ സൊസൈറ്റി നേതാവ് പറയുന്നത്. പാലക്കാട്ടും പരിസരത്തും സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാരുടെ പിള്ളേരുടെ മെക്കിട്ടു കയറാൻ ഇവനൊക്കെ ആരാണ് അനുമതി കൊടുത്തത് ?’ -സന്ദീപ് വാര്യർ ചോദിച്ചു.

മദ്യപിച്ച് സി.പി.എമ്മിന്റെ ബാൻഡ് സെറ്റുമായി പോകുന്നവരെ കരോൾ സംഘമെന്നാണോ പറയേണ്ടതെന്ന് എന്നായിരുന്നു വാർത്ത സമ്മേളനത്തിൽ സി. കൃഷ്ണകുമാർ ചോദിച്ചത്. കരോൾ ഭക്തിയോടെ ചെയ്യേണ്ട കാര്യമാണെന്നും പറഞ്ഞു. എന്നാൽ, ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ താൻ പൊതുവായി പറഞ്ഞതാണെന്ന് വിശദീകരിച്ച് മലക്കംമറിയുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ വിദ്യാർഥികളായ പത്തു പേര്‍ ക്രിസ്മസ് കരോളും ബാൻഡ്‌ വാദ്യങ്ങളുമായി എത്തിയപ്പോൾ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലായ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകൻ പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജ് (24) റിമാൻഡിലാണ്.

വാളയാർ ആൾക്കൂട്ടക്കൊല ബി.ജെ.പിയുടെയും സംഘ്പരിവാറിന്റേയും തലയിൽ കെട്ടിവെക്കാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിക്കുന്നതെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു. എം.ബി. രാജേഷ് മന്ത്രിക്ക് നിരക്കാത്ത പ്രസ്താവനയാണ് നടത്തിയത്. ബംഗ്ലാദേശിയാണോയെന്ന് ചോദിച്ച് കോൺഗ്രസുകാർ അടിക്കാൻ പറയുന്ന വോയ്സ് വിഡിയോ ക്ലിപ്പിലുണ്ടെന്നും രാജേഷ് മാഞ്ചി, അട്ടപ്പാടി മധു കേസുകളിലില്ലാത്ത രീതിയിലാണ് ഇപ്പോൾ രാഷ്ട്രീയ പശ്ചാത്തലം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Sandeep varier responds BJP leader's remarks against Carol's children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.