‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി’ 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കായികമേഖലയുടെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുള്ള സ്വപ്‌നപദ്ധതിക്ക് ഏപ്രില്‍ 19ന് തുടക്കംമിടുകയാണെന്ന് കായികമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന വിപുലമായ പദ്ധതി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനും വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന പൗരന്മാരെ വളര്‍ത്തി കൊണ്ടുവരാനും വ്യാപകമായ കായിക, ശാരീരികക്ഷമതാ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.

കായിക പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ സജീവമാക്കാനുള്ള നടപടികളും പ്രചാരണങ്ങളും പ്രധാനമാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യം കായിക വകുപ്പ് മുന്‍കൈയെടുത്ത് സജ്ജമാക്കുകയാണ്. കായികക്ഷമതാ മിഷന്‍, തദ്ദേശ സ്ഥാപനതല സ്‌പോട്‌സ് കൗണ്‍സില്‍, 5 ലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബാള്‍ പരിശീലനം നല്‍കുന്ന ഗോള്‍ പദ്ധതി, വിവിധ ജില്ലകളിലായി 15 ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിവയെല്ലാം ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഈ രംഗത്തെ സുപ്രധാന ചുവടാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി.

സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് 1 കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം.എല്‍.എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി.എസ്.ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും.

പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രം ആണ് ഒരുക്കുക. ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ്പ്രധാനമായും തയാറാക്കുക. ഫുട്‌ബാള്‍, വോളിബാള്‍, ബാസ്‌ക്കറ്റ്‌ബാള്‍ തുടങ്ങിയ കോര്‍ട്ടുകളാകാം. ഇതിനൊപ്പം നടപ്പാത, ഓപ്പണ്‍ ജിം, ടോയ്‌ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയാകുമിത്.

സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയില്‍ കളിക്കളം ഒരുക്കാന്‍ കഴിയുക. എന്നാല്‍, കേരളത്തിലെ സാഹചര്യം പരിഗണിച്ച് സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളില്‍ അതിനനുസരിച്ച കളിക്കളവും മറ്റു സൗകര്യങ്ങളും ഒരുക്കും. കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷന് (എസ്‌.കെ.എഫ്) ആണ് നിര്‍മ്മാണ ചുമതല.

നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറക്ക് കളിക്കളം സ്ഥല ഉടമക്ക് കൈമാറും. തുടര്‍ന്നുള്ള നടത്തിപ്പിനും അറ്റകുറ്റപ്പണിക്ക് പ്രാദേശികതലത്തില്‍ മാനേജിങ് കമ്മിറ്റിയെ തെരഞ്ഞെടുക്കും. ക്ലബുകള്‍ക്കും സ്വകാര്യ അക്കാദമികള്‍ക്കും മറ്റും സമയം നിശ്ചയിച്ച് വാടകയ്ക്ക് നല്‍കുന്നതിലൂടെയും മറ്റും കളിക്കളത്തിന്റെ പരിപാലന ചെലവ് കണ്ടെത്തേണ്ടതുണ്ട്. ഇത്തരം നല്ല മാതൃകകള്‍ സംസ്ഥാനത്ത് നിരവധിയുണ്ട്. കളിക്കളം ഉപയോഗശൂന്യമാകുന്ന സ്ഥിതി ഉണ്ടായാല്‍ എസ്.കെ.എഫ് ഏറ്റെടുത്ത് പരിപാലനം നിര്‍വഹിക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ടെന്നും വാർത്താകുറിപ്പിൽ കായികമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Tags:    
News Summary - The Chief Minister will inaugurate the 'One Panchayat in One Playground Project' on May 19th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.