കൊച്ചി: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി. മില്ലുടമകൾ ഇല്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. സി.പി.ഐ മന്ത്രിമാർ ഉൾപ്പെടെ യോഗത്തിന് എത്തിയിരുന്നു.
ബുധനാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. സി.പി.ഐയോടുള്ള അതൃപ്തിയാണ് യോഗം മാറ്റിവെക്കാൻ കാരണമെന്നാണ് ആക്ഷേപം. നാളെ നടക്കുന്ന മന്ത്രിസഭ യോഗത്തിന് ശേഷമാണ് ഭക്ഷ്യവകുപ്പിന്റെ യോഗം നിശ്ചയിച്ചിരിക്കുന്നത്. പി.എംശ്രീ ഒപ്പുവെച്ച സർക്കാർ നടപടിയിൽ തർക്കം നിലനിൽക്കുന്നതിനെ തുടർന്ന് സി.പി.ഐ മന്ത്രിമാർ നാളെത്തെ മന്ത്രിസഭ യോഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നു.
ഇന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ എത്തിയ ഉടൻ മില്ലുടമകളെ യോഗത്തിനു ക്ഷണിച്ചില്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇല്ലെന്നും മന്ത്രിതലത്തിൽ തീരുമാനമെടുത്ത ശേഷം അക്കാര്യം മില്ലുടമകളെ അറിയിക്കുന്ന കാര്യവും മന്ത്രി ജി.ആർ.അനിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അവരില്ലാതെ എങ്ങനെയാണ് ചർച്ച പൂർണമാവുകയെന്നും അവരുടെ ഭാഗം കൂടി അറിഞ്ഞിട്ടു വേണ്ടേ പരിഹാരം കാണാൻ എന്നും മുഖ്യമന്ത്രി ചോദിച്ചു. മില്ലുടമകളെക്കൂടി വിളിച്ച് നാളെ യോഗം ചേരാമെന്നും വ്യക്തമാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു.
കൃഷി വകുപ്പ് പി.പ്രസാദ്, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, വൈദ്യുതി മന്ത്രി കൃഷ്ണൻക്കുട്ടി എന്നീ മന്ത്രിമാരും വകുപ്പുതല ഉദ്യോഗസ്ഥരും എത്തിയിരുന്നു.
പി.എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി ഏർപ്പെട്ട ധാരണാപത്രം റദ്ദാക്കിയില്ലെങ്കിൽ സി.പി.ഐ എടുക്കുക ഇടത് മുന്നണിക്കും സി.പി.എമ്മിനും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനം. പി.എം ശ്രീയിലെ സി.പി.എമ്മിന്‍റെ രാഷ്ട്രീയ നിലപാടിനെയാണ് സി.പി.ഐ പരസ്യമായി ചോദ്യം ചെയ്യുന്നത്.
സി.പി.ഐക്ക് ബോധ്യമായതും ചൂണ്ടിക്കാട്ടിയതുമായ തിരുത്തലിന് സി.പി.എം തയാറായില്ലെങ്കിൽ സി.പി.ഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങും. കേന്ദ്ര സർക്കാരുമായുള്ള ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുമെന്ന് നവംബർ നാലിന് മുമ്പ് മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നാണ് സി.പി.ഐയുടെ അന്ത്യശാസനം. ഇല്ലെങ്കിൽ നവംബർ നാലിന് ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിന്‍റെ അംഗീകാരത്തോടെ സി.പി.ഐ മന്ത്രിമാർ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെക്കും.
അതോടൊപ്പം, രാജി മുന്നിൽ കണ്ട് അഞ്ചാം തീയതി ജില്ലാ നേതൃയോഗങ്ങൾ വിളിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം നവംബർ അഞ്ചിന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി തീരുമാനത്തിൽ നിന്ന് മാറാൻ സി.പി.എം പ്രേരിപ്പിക്കുമെങ്കിൽ നിലപാട് മാറ്റേണ്ടെന്നാണ് സി.പി.ഐ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.