ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബി.ജെ.പി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനനന്തപുരം: തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കും മുമ്പ് സ്ഥാനാർഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബി.ജെ.പി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളും അവരെ നാമനിർദേശം ചെയ്യുന്നവരും അണിനിരക്കുന്നു എന്നത് ഗുരുതരമായ അവസ്ഥയാണ്.

അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പത്തു സീറ്റുകളിൽ വാക്കോവർ നൽകിയത് കോൺഗ്രസാണ്. ആ പരിപാടി ലോകസഭ തെരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചതാണ് ഗുജറാത്തിലെ സൂറത്തിൽ കണ്ടത്. സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പേര് നിർദേശിച്ചവർ നാമനിർദ്ദേശ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നൽകിയതിനെ തുടർന്ന് പത്രിക തള്ളിപ്പോയി എന്നാണ് ആദ്യം വാർത്തവന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ബി.ജെ.പിയുടെ ദല്ലാളായി താനുൾപ്പെടെയുള്ള എല്ലാ സ്ഥാനാർഥികളെയും മത്സരത്തിൽ നിന്ന് മാറ്റി ബി.ജെ.പിക്ക് ഏകപക്ഷീയ വിജയം ഒരുക്കിക്കൊടുത്തു ബി.ജെ.പിയിലേക്ക് പോയി എന്നതാണ് പുതിയ വിവരം. മത്സരം തുടങ്ങുന്നതിന് മുൻപ് കൂറ് മാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർഥികൾ ഉണ്ട് ഇനി കോൺഗ്രസിൽ? മത്സരിച്ച് ജയിച്ചാൽ ബി.ജെ.പിയിലേക്ക് ഇരുട്ടി വെളുക്കും മുൻപ് ചാടിപ്പോകാത്ത എത്ര പേർ അവശേഷിക്കുന്നുണ്ട്?

ആർ.എസ്.എസ് ശാഖക്ക് കാവൽ നിന്നെന്ന് അഭിമാന പുരസ്സരം പറയുന്നവരും ഗോൾവാൾക്കറിന്റെ ഫോട്ടോക്കുമുന്നിൽ താണുവണങ്ങി വിളക്ക് കൊളുത്തിയവരുമൊക്കെയാണ് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം പ്രാദേശിക പാര്‍ട്ടിയുണ്ടാക്കി എൻ.ഡി.എയിൽ ചേരാൻ ച‍ര്‍ച്ച നടത്തിയെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശ‍ര്‍മ്മയുടെ വെളിപ്പെടുത്തൽ. ഇവിടെ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിക്കുന്നവർ ഈ ചർച്ചയിൽ പങ്കെടുത്തോ?

ബി.ജെ.പി മുന്നോട്ടു വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ കോൺഗ്രസിന് എത്രമാത്രം ആത്മാർഥതയുണ്ട് എന്ന തെളിയുന്ന അനുഭവമാണിത്. ഉറച്ചു നിൽക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയിൽ എത്തേണ്ടത്. അത് കൊണ്ട് തന്നെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള ജനവധിയാണ് കേരളം ഏപ്രിൽ 26 ണ് രേഖപ്പെടുത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - The Chief Minister said that BJP has turned to abolishing democratic rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.