ലൈഫ്‌ മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ നാളെ നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ്‌ മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ നാളെ നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടുവർഷം പൂർത്തിയാക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ നൂറ്‌ ദിന കർമ പരിപാടിയുടെ ഭാഗമായാണ് വീടുകൾ പൂർത്തിയാക്കിയത്. ലൈഫ്‌ 2020 പട്ടികയിൽ ഉൾപ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാർ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.

ലൈഫ്‌ ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത്‌ 3,42,156 വീടുകളാണ് നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് സമർപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ ഇക്കഴിഞ്ഞ മാർച്ച്‌ 31 വരെ 54,648 വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 23.50 ഏക്കര്‍ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 12.32 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി.

ഇതോടൊപ്പം ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരില്‍ പട്ടികജാതി പട്ടികവർഗ ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നിർദേശം നല്‍കിയിയിരുന്നു. ഇതേത്തുടർന്ന് 46,380 ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണത്തിനായി കരാറില്‍ ഏര്‍പ്പെടുകയും ഇതിൽ 587 പേരുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

ഏതൊരു മനുഷ്യന്റെയും അവകാശമാണ് അടച്ചുറപ്പുള്ള വീടെന്നത്. ഇത് നൽകുന്ന സുരക്ഷിതബോധവും ആത്മവിശ്വാസവും ചെറുതല്ല. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്നൊരു നാടായി കേരളത്തെ മാറ്റാൻ വികസനപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. 

Tags:    
News Summary - The Chief Minister said that 20,073 houses built by Life Mission will be handed over to the nation tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.