ഇതാണ് യഥാർഥ കേരള സ്റ്റോറി; റഹീമിന്‍റെ മോചനത്തിനായി ഒത്തൊരുമിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റിയാദിലെ ജയിലിൽ വധശിക്ഷ കാത്തുകിടക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിനായി ഒത്തൊരുമിച്ചവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

വെറുപ്പിന്‍റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമക്കുമ്പോൾ മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്‍റെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികളെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിന്‍റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം

Full View
Tags:    
News Summary - The Chief Minister congratulated those who came together for Rahim's release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.