രോഗമുക്തനായ ശേഷം എ.പി അബൂബക്കർ മുസ്‌ലിയാർ ആദ്യമായി ഡൽഹി നിസാമുദ്ദീനിലെ ഓഫീസിലെത്തിയപ്പോൾ

തങ്ങൾക്കുള്ള വിദേശ സഹായം കേന്ദ്രം തടഞ്ഞിട്ടില്ല -കാന്തപുരം

ന്യൂഡൽഹി: സമുദായം നോക്കി വിദേശ സഹായം തടഞ്ഞുവെച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും തങ്ങൾക്കുള്ള വിദേശ സഹായം നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും കാന്തപുരം എ.പി അബുബക്കർ മുസ്‌ലിയാർ. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള തങ്ങളുടെ എഫ്.സി.ആർ.എ രജിസ്ട്രേഷനുകളെല്ലാം ഇപ്പോഴും നിലവിലു​ണ്ടെന്നും ഡൽഹി നിസാമുദ്ദീനിലെ മർകസ് ഓഫീസിൽ വാർത്താസമ്മേളനത്തിൽ കാന്തപുരം വ്യക്തമാക്കി.

കേരളത്തിലെ പല മത സംഘടനകളുടെയും സർക്കാ​റേതര സന്നദ്ധ സംഘടനകളുടെയും എഫ്.സി.ആർ.എ രജിസ്ട്രേഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം. എഫ്.സി.ആർ.ഐ വഴി കിട്ടുന്ന വരുമാനം കൊണ്ടാണ് തങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ഹരിയാനയിൽ ശനിയാഴ്ച നിർമാണ പ്രവൃത്തിക്ക് തുടക്കമിട്ട സ്ഥാപനവും കെട്ടിടവുമെല്ലാം ഇങ്ങിനെ സംഭാവന കിട്ടാതെ നിർമിച്ചുകൊടുക്കാൻ കഴിയില്ല. ഇന്ത്യ ഗവൺമെന്റിന്റെ നിയമം പാലിച്ചുകൊണ്ടാണ് വിദേശ സംഭാവന ഞങ്ങൾ സ്വീകരിക്കുന്നത്. അത് കൊണ്ട് ഞങ്ങളുടെ എഫ്.സി.ആർ.എ രജിസ്ട്രേഷൻ ഇപ്പോഴും നിലവിലുണ്ടെന്നും കാന്തപുരം പറഞ്ഞു.

‘വഖഫ് റിപ്പോർട്ട് പഠിച്ചുകൊണ്ടിരിക്കുന്നു; പ്രശ്നമുണ്ടെങ്കിൽ സർക്കാറിന് മുന്നിൽ വെക്കും’

പാർലമെന്റിൽ വെച്ച വഖഫ് റിപ്പോർട്ട് തങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനായി ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും കാന്തപുരം എ.പി അബുബക്കർ മുസ്‌ലിയാർ. ബില്ലിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടാൽ തങ്ങൾ അവ സർക്കാർ മുമ്പാകെ വെക്കുമെന്നും കാന്തപുരം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ജെ.പി.സിക്കും തങ്ങൾ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. സുപ്രീം​ കോടതിയിലുള്ള കേസിൽ കക്ഷി ചേർന്നിട്ടു​മുണ്ട്. പള്ളികളും ദർഗകളും പൊളിച്ചുനീക്കുന്നത് നിയമ വിരുദ്ധമായിട്ടാണെങ്കിൽ അത്തരം നടപടി അവസാനിപ്പിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

‘സകാത്ത് വ്യക്തികൾ കൊടുക്കലാണ് ഉത്തമം’

സകാത്ത് വ്യക്തികൾ ത​ന്നെ കൊടുക്കലാണ് മതത്തിൽ ഏറ്റവും ഉത്തമമെന്നും വ്യക്തിക്ക് കൊടുക്കാൻ കഴിയില്ലെങ്കിൽ മറ്റൊരു വ്യക്തിയെ ഏൽപിക്കുകയാണ് വേണ്ടതെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. അല്ലാതെ സംഘടിതമായിട്ടല്ല ചെയ്യേണ്ടത്. സംഘടിതമായി നലകിയ സകാത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.

Tags:    
News Summary - The Center has not withheld foreign aid to us says Kanthapuram AP Aboobacker Musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.