ഹരിപ്പാട്: നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. നാട്ടുകാരുടെയും ബൈക്ക് യാത്രികരുടെയും സമയോചിതമായ ഇടപെടൽ മൂലം കാറിലുണ്ടായിരുന്ന വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഡാണാപ്പടി-കാർത്തികപ്പള്ളി റോഡിൽ അനന്തപുരം തെക്ക് ഹോട്ടൽ ബേബി ജങ്ഷനിൽ ഇന്ന് വൈകീട്ട് മൂന്നിനായിരുന്നു അപകടം.
ആലപ്പുഴ സ്റ്റേഡിയം വാർഡിൽ തവക്കൽ വീട്ടിൽ ഷാഹിദ (64), മകൻ മുഹമ്മദ് ആഷിഖ് (27) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മുതുകുളത്തെ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. കാർത്തികപ്പള്ളി ഭാഗത്തുനിന്ന് വന്ന ഇവരുടെ കാർ മറ്റൊരു വാഹനത്തിന് വശം നൽക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിന് ഇടതുവശത്തുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. കാർ മുൻഭാഗം കുത്തി വീഴുകയും തലകീഴായി മറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളായ സ്ത്രീകളുടെ നിലവിളി കേട്ടാണ് ബൈക്ക് യാത്രികരും പ്രദേശവാസികളും തോട്ടിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ഏതാനും പേർ ചേർന്ന് കാർ ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് കൂടുതൽ ആളുകൾ ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ നേരെയാക്കിയത്. കാറിനുള്ളിൽ ഇതിനകം വെള്ളം നിറഞ്ഞിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്. തോട്ടിൽ വെള്ളം കുറവായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് സഹായകരമായി. അപകടത്തിൽപ്പെട്ടവരെ ഉടൻ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അഗ്നിരക്ഷ സേനയും സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.