നവകേരള സദസ്സിനിടെ തിരൂരിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ വസതിയിൽ നടന്ന മന്ത്രിസഭ യോഗം
വെള്ളേക്കാട്ട് തറവാടിന് പുതുചരിത്രമായി മന്ത്രിസഭായോഗം
തിരൂർ (മലപ്പുറം): തലമുറകളേറെ കടന്നുപോയ തിരൂർ വെള്ളേക്കാട്ട് തറവാട് ഇനി അറിയപ്പെടുക സംസ്ഥാന മന്ത്രിസഭായോഗം ചേർന്ന തറവാട് എന്ന പേരിലായിരിക്കും. മന്ത്രി വി. അബ്ദുറഹ്മാന്റെ പൊറൂരിലെ വസതിയായ വെള്ളേക്കാട്ട് തറവാടിന്റെ ചരിത്രത്തിൽ പുതിയ വരികൾ എഴുതിച്ചേർത്താണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 10.30 വരെ അപൂർവ മന്ത്രിസഭ യോഗം ചേർന്നത്. ആദ്യമായാണ് സംസ്ഥാന മന്ത്രിസഭ യോഗം ഒരു വീട്ടിൽ നടക്കുന്നത്.
എല്ലാ സജ്ജീകരണങ്ങളും ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ ഒരുക്കിയിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരും മന്ത്രി വി. അബ്ദുറഹ്മാന്റെ വെള്ളേക്കാട്ട് വസതിയിലുണ്ടെന്ന് അറിഞ്ഞതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികളും സ്ഥലത്ത് തമ്പടിച്ചു. കനത്ത പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. മന്ത്രിസഭ യോഗ ശേഷം ഓരോ മന്ത്രിമാരും പുറത്തേക്കിറങ്ങിയത് നാട്ടുകാർക്കും അപൂർവ കാഴ്ചയായി.
കൊല്ലത്ത് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ വിഷയത്തിലുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ മാധ്യമപ്രവർത്തകരോട് മന്ത്രിമാർ മറുപടി പറഞ്ഞു. യോഗശേഷം മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ് എന്നിവർ പൈലറ്റ് വാഹനത്തിൽ വള്ളിക്കുന്ന് മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന സർവകലാശാല സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു. 11.30 ഓടെയാണ് മുഖ്യമന്ത്രി ബസ് നിർത്തിയിട്ടിരുന്ന പൂക്കയിൽ ട്രസ്റ്റ് പ്ലാസ പരിസരത്തേക്ക് യാത്ര തിരിച്ചത്. നവകേരള സദസ്സിനായി തിരൂരിലെത്തിയ മുഖ്യമന്ത്രി രണ്ട് ദിവസവും മന്ത്രി വി. അബ്ദുറഹ്മാന്റെ വസതിയിലായിരുന്നു താമസം.
പുതുതലമുറ ബി.ടെക്, എം.ടെക് കോഴ്സുകൾ ആരംഭിക്കും
തിരൂർ (മലപ്പുറം): തിരുവനന്തപുരം, പാലക്കാട്, തൃശൂർ എൻജിനീയറിങ് കോളജുകളിൽ പുതുതലമുറ ബി.ടെക്, എം.ടെക് കോഴ്സുകൾ ആരംഭിക്കാൻ തിരൂരിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കോളജുകളും എം.ടെക് കോഴ്സുകളും: തിരുവനന്തപുരം എൻജിനീയറിങ് കോളജ് - സ്ട്രക്ച്ചറൽ എൻജിനീയറിങ് (അഡീഷനൽ ഡിവിഷൻ), പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളജ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് ഇന്റർനെറ്റ് ഓഫ് തിങ്സ്, തൃശൂർ ഗവ. എൻജിനീയറിങ് കോളജ്- റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ് ഡിസൈൻ (18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എം.ടെക്കിന് ഉണ്ടാവുക.)
കോളജുകളും ബി.ടെക് കോഴ്സുകളും: തിരുവനന്തപുരം എൻജിനീയറിങ് കോളജ്- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (അഡീഷണൽ ഡിവിഷൻ), തൃശൂർ ഗവ. എൻജിനീയറിങ് കോളജ്- സൈബർ ഫിസിക്കൽ സിസ്റ്റം ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (അഡീഷനൽ ഡിവിഷൻ).
639 എച്ച്.എസ്.എ ഇംഗ്ലീഷ് താൽക്കാലിക തസ്തികകൾ
തിരൂർ: സർക്കാർ /എയ്ഡഡ് ഹൈസ്കൂളുകളിൽ 639 താൽക്കാലിക എച്ച്.എസ്.എ ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മൂന്ന്, നാല് ഡിവിഷനുകൾ ഉള്ള ഹൈസ്കൂളുകളിൽ തസ്തിക സൃഷ്ടിച്ച് ദിവസവേതന / കരാർ അടിസ്ഥാനത്തിലാവും നിയമനം. ഹൈകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലക്കാണിത്.
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാർഷിക പാട്ടനിരക്കിൽ 99 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.