തിരുവനന്തപുരം: പാലോട് ബ്രൈമൂർ മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് പുളിഞ്ചി സ്വദേശി ഷാനി (34) ആണ് മരിച്ചത്. രണ്ടര കിലോമീറ്റർ അകലെ മൂന്നാറ്റ് മുക്കിൽ നിന്നാണ് മൃതദേഹം കിട്ടിയത്.
ഷാനിക്കായുള്ള തിരച്ചിൽ നാട്ടുകാരും പാലോട് പൊലീസും വിതുരയിൽ നിന്നെത്തിയ അഗ്നിരക്ഷസേനയും രാത്രി വൈകിയും തുടർന്നിരുന്നു. മൃതദേഹം പാലോടിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും.
ഇതോടെ മങ്കയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഷാനിയുടെ ബന്ധുവായ ആറു വയസുകാരിയായ നസ്രിയ ഫാത്തിമയുടെ (ആറ്) മൃതദേഹം കണ്ടെത്തിയിരുന്നു. നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് സുനാജ് ഭവനിൽ സുനാജ്-അജ്മി ദമ്പതികളുടെ മൂത്ത മകളാണ് നസ്രിയ ഫാത്തിമ.
ഞായറാഴ്ച വൈകീട്ടോടെയാണ് നെടുമങ്ങാട്ട് നിന്ന് മങ്കയത്തെത്തിയ പത്തംഗ സംഘം ആറ്റിൽ കുളിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ പെട്ടത്. മങ്കയത്തിനു സമീപം വാഴത്തോപ്പ് കടവിലിറങ്ങിയാണ് സംഘം കുളിച്ചത്. അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ കുട്ടിയെ ഏറെ വൈകി സംഭവ സ്ഥലത്തു നിന്ന് അരകിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്. ഉടൻ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംഘത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ എട്ടു പേരാണ് വെള്ളത്തിൽ പെട്ടത്. ഇതിൽ മറ്റൊരു കുട്ടിയായ ആമിനയെ നേരത്തേ രക്ഷിച്ച് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചിരുന്നു. സംഘത്തിലെ ചിലർ സ്വയം രക്ഷപ്പെട്ടപ്പോൾ നാലുപേരെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.