കൊട്ടാരക്കര: സദാനന്ദപുരത്ത് എം.സി റോഡരികിൽ യുവാവിനെ ലോറി ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ലോറി തട്ടിയത് ശ്രദ്ധയിൽപെട്ട ഡ്രൈവർ യുവാവിനെ സ്ഥലത്തുനിന്ന് മാറ്റിക്കിടത്തി സ്ഥലംവിട്ടതോടെ ഏഴു മണിക്കൂറോളം മൃതദേഹം റോഡരികിൽ കിടന്നു. വെട്ടിക്കവല പച്ചൂർ കല്ലുംപുറത്ത് ചരുവിള വീട്ടിൽ മുരളി - രമ്യ ദമ്പതികളുടെ മകൻ രതീഷ് ആണ് (35) മരിച്ചത്. ലോറി ഡ്രൈവർ തമിഴ്നാട് കൽക്കുളം തക്കല സ്വദേശി കൃഷ്ണകുമാറിനെ (31) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. സദാനന്ദപുരത്ത് എം.സി റോഡിനരികിലുള്ള കാർ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്ന രതീഷ് രണ്ടു ദിവസമായി ഇവിടെയായിരുന്നു കിടന്നത്. സമീപത്തെ കടയിൽ വാഴവിത്ത് ഇറക്കാനായാണ് ലോറി എത്തിയത്.
പിന്നിലേക്ക് എടുക്കുന്നതിനിടെ ലോറി എന്തിലോ തട്ടിയതായി തോന്നിയെന്നാണ് ഡ്രൈവർ മൊഴി നൽകിയത്. പുറത്തിറങ്ങിയപ്പോൾ ഒരാൾ റോഡരികിൽ ലോറിയുടെ ടയറിനോട് ചേർന്ന് കിടക്കുന്നത് കണ്ടു. മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നതാണെന്ന് കരുതി ഉടൻ അയാളെ റോഡരികിലേക്ക് മാറ്റിക്കിടത്തിയ ശേഷം ലോറിയുമായി പോയെന്നാണ് ഡ്രൈവർ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
ഏഴു മണിക്കൂർ കഴിഞ്ഞ് ശനിയാഴ്ച രാവിലെ ഏഴിന് കടതുറക്കാൻ വന്നവരാണ് യുവാവ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. കൊട്ടാരക്കര പൊലീസ് എത്തി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം ഉറപ്പിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ലോറി ഇടിച്ചെങ്കിലും ശരീരത്തിലൂടെ കയറില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദ അന്വേഷണം പൊലീസ് ആരംഭിച്ചു. രതീഷിന്റെ ഭാര്യ: ശരണ്യ. മക്കൾ: ആദിത്യ, അശ്വതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.