പാലക്കുന്ന് (കാസർകോട്): കപ്പലിൽനിന്ന് മരിച്ച നാവികൻ പാലക്കുന്നിനടുത്ത തിരുവക്കോളി അങ്കക്കളരി ഹൗസിൽ പ്രശാന്തിന്റെ (39) മൃതദേഹം ഒരുമാസം പിന്നിട്ടിട്ടും വീട്ടിലെത്തിയില്ല. മൃതദേഹം എന്ന് നാട്ടിലെത്തുമെന്ന കമ്പനിയുടെ അറിയിപ്പ് പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബം.
ജപ്പാനിൽനിന്ന് യു.എസിലെ തുറമുഖം ലക്ഷ്യമാക്കി യാത്രതിരിച്ച കപ്പലിൽ മേയ് 14ന് രാവിലെ പ്രശാന്ത് ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നു എന്നാണ് കമ്പനി പ്രതിനിധികൾ വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചത്. യു.എസിലെ ഹവായ് അയലൻഡിലെ ഹോണോലുലുവിലെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പിന്നീട് ലഭിച്ച വിവരം. എംബാമിങ് നടപടികളുടെ അനുമതിക്ക് കമ്പനി അധികൃതർ വന്ന് അതിനായുള്ള പേപ്പറിൽ ഭാര്യയുടെ ഒപ്പിട്ട് വാങ്ങിയിരുന്നു. തുടർന്ന് നാളിതുവരെ ഒരറിയിപ്പും വീട്ടിൽ കിട്ടിയില്ല. വില്യംസം കമ്പനിയുടെ തൈബേക് എക്സ് പ്ലോറർ എന്ന എൽ.പി.ജി കപ്പലിൽ മോട്ടോർമാനായി കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് ജോലിക്ക് കയറിയത്.
കപ്പൽ ജീവനക്കാരനായ സഹോദരൻ പ്രദീപ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോൾ ആശുപത്രി നടപടി പൂർത്തിയായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തുടർനടപടികൾക്കായി ഇന്ത്യൻ കോൺസുലേറ്റ് അധികൃതർക്ക് കൈമാറുമെന്നും അറിയിച്ചു. കോൺസുലേറ്റിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നമുറക്ക് മൃതശരീരം നാട്ടിലെത്തിക്കുമെന്നാണ് അറിയിച്ചത്.
ഒരു മാസമായി പ്രശാന്തിന്റെ ബന്ധുക്കൾ വീട്ടിൽ കാത്തിരിപ്പ് തുടരുകയാണ്. അസഹ്യമായ ഈ കാത്തിരിപ്പ് ഇനി എത്രനാൾ തുടരുമെന്ന ആശങ്കയിലാണ് ഉദുമ പാക്യാരയിലുള്ള പ്രശാന്തിന്റെ അമ്മ സരോജിനിയും ഭാര്യ ലിജിയും മക്കളും. മുൻ മർച്ചന്റ് നേവി ജീവനക്കാരൻ പരേതനായ ചക്ലി കൃഷ്ണന്റെ മകനാണ്.
കപ്പൽ ജീവനക്കാർ കപ്പലിൽനിന്ന് മരിച്ചാൽ സാങ്കേതിക കാരണങ്ങൾ നിരത്തി മാസത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാക്കരുതെന്ന് കപ്പലോട്ടക്കാരുടെ സംഘടന ഭാരവാഹികൾ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ വിവിധ കാരണങ്ങളാൽ മരിച്ചവരുടെ മൃതദേഹങ്ങൾ പെട്ടെന്നുതന്നെ നാട്ടിലെത്തിക്കാറുണ്ട്.
രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി കപ്പലോട്ടക്കാർ രണ്ടാം നിര സുരക്ഷ ഭടന്മാർ എന്നാണ് പറയുന്നത്. അവരോടാണ് ഈ അനീതി. വീട്ടുകാരുടെ അനന്തമായ കാത്തിരിപ്പ് ഇനിയും നീട്ടരുതെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടി കൈക്കൊള്ളണമെന്നും മുംബൈ ആസ്ഥാനമായുള്ള കപ്പലോട്ടക്കാരുടെ സംഘടനയായ നുസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.