പത്തനംതിട്ട: ഇന്റർലോക്ക് ചെയ്ത റോഡിൽ തെന്നി ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി തുളച്ചുകയറി. വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് ബാലകൃഷ്ണൻ നായരുടെ മകൻ യദുകൃഷ്ണൻ (34) ആണ് അപകടത്തിൽപെട്ടത്. വള്ളിക്കോട് തിയറ്റർ ജങ്ഷനിൽ ഞായറാഴ്ച രാവിലെ 10.30നായിരുന്നു അപകടം. ഓടയുടെ സമീപം കിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽനിന്ന് തള്ളിനിന്ന കമ്പി യുവാവിന്റെ തലയിലൂടെ തുളച്ചുകയറുകയായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇരുമ്പുകമ്പി തലയിലൂടെ കയറിയിറങ്ങിയ നിലയിലായിരുന്നതിനാൽ അപകടം സംഭവിച്ച് അരമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.
വിദേശത്ത് ജോലി ചെയ്തിരുന്ന യദു കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നതാണ്. നിശ്ചയത്തിന് ശേഷം വ്യാഴാഴ്ച വിദേശത്തേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് അപകടം.
ചന്ദനപ്പള്ളി–കോന്നി റോഡ് നവീകരണത്തിന്റെ ഭാഗമായി ഏതാനും മാസം മുമ്പാണ് തിയറ്റർ ജങ്ഷന് സമീപം 100 മീറ്ററോളം ഭാഗത്ത് ഇന്റർലോക്ക് പാകിയത്. ഇതിനൊപ്പം ഓട നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓട അടക്കാത്തതിനാലും വാഹനങ്ങൾ തെന്നിനീങ്ങുന്നതിനാലും ഈ ഭാഗത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.