തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിൽ എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥി ചിത്രം ഏറെക്കുറേ തെളിഞ്ഞു. സിറ്റിങ് എം.എൽ.എയായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എൽ.ഡി.എഫിനായും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബി.ജെ.പിക്കായും കളത്തിലിറങ്ങുമെന്ന് ഉറപ്പായി. യു.ഡി.എഫിൽനിന്ന് ഇക്കുറി ആര് വരുമെന്നാണ് മണ്ഡലം ഉറ്റുനോക്കുന്നത്.
2016ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും കടത്തിവെട്ടി ഒ. രാജഗോപാലിലൂടെ ബി.ജെ.പി സംസ്ഥാനത്താദ്യമായി അക്കൗണ്ട് തുറന്നു. 8,761 വോട്ടിനായിരുന്നു രാജഗോപാൽ ജയിച്ചത്. 2021ലെ തെരഞ്ഞുടുപ്പിൽ ബി.ജെ.പിക്കായി കളത്തിലിറങ്ങിയ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി 3,949 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ വി. ശിവൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ യു.ഡി.എഫിനായി രംഗത്തിറങ്ങി.
സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് നേമം. പാർട്ടി അധ്യക്ഷനായി ചുമതലയേറ്റതുമുതൽ നേമം സീറ്റിൽ രാജീവിന് കണ്ണുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ നേമത്ത് നടത്തിയ ജാഥയുടെ ലീഡർ രാജീവായിരുന്നു. നേമത്ത് മത്സരിക്കാൻ ആഗ്രഹിക്കുന്നതായും നേതൃത്വം ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ് രാജീവ് അടുത്തദിവസം മാധ്യമങ്ങൾക്കുമുന്നിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനവും നടത്തി.
എൽ.ഡി.എഫിന് നേമം നിലനിർത്തൽ അഭിമാന പ്രശ്നമാണ്. വീണ്ടും സ്ഥാനാർഥിയാകേണ്ടിവരുമെന്നും മണ്ഡലത്തിൽ സജീവമാകണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽതന്നെ ശിവൻകുട്ടിയോട് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ ശിവൻകുട്ടിക്ക് പ്രാധാന്യവും നൽകി. നേമത്തേക്ക് പരിഗണിക്കാൻ പാർട്ടിക്ക് മുന്നിൽ മറ്റ് പേരില്ല എന്നതും ശിവൻകുട്ടിയിലേക്ക് കാര്യങ്ങളെത്തിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നേമത്തുണ്ടായ ലീഡും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും ബി.ജെ.പിക്ക് ആത്മവിശ്വാസമേകുന്നുണ്ട്. നേമത്ത് ഇനി മത്സരിക്കാനില്ലെന്ന് ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയത് വാർത്തയായി. പിന്നീട് സ്വയംപ്രഖ്യാപിത സ്ഥാനാർഥിത്വം ഇടതുപക്ഷത്തിന്റെ ശൈലിയല്ലെന്നും പാർട്ടിയും മുന്നണിയും തീരുമാനിക്കുന്നയാൾ സ്ഥാനാർഥിയാകുമെന്നും അദ്ദേഹം തിരുത്തി.
തൃശൂർ: തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ മത്സരത്തിനില്ലെന്നു പറഞ്ഞ് കുടുങ്ങി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. തിങ്കളാഴ്ച രാവിലെ തൃശൂരിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് നേമത്ത് ഇനി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വീണ്ടും നേമത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ്, നേമത്തേക്ക് ഇനിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.
നേമത്ത് മൂന്നുതവണ മത്സരിക്കുകയും രണ്ടുതവണ ജയിക്കുകയും ഒരിക്കൽ ഒ. രാജഗോപാലിനോട് തോൽക്കുകയും ചെയ്തു. ഇനി നേമത്ത് മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല. അേതസമയം, ആരാണ് മത്സരിക്കുകയെന്നത് അടക്കം തങ്ങളുടെ പാർട്ടിയും മുന്നണിയുമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയംപ്രഖ്യാപിത സ്ഥാനാർഥികൾ തങ്ങളുടെ ശൈലിയല്ലെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. പാർട്ടി തീരുമാനമെടുത്ത് അറിയിച്ചാൽ അംഗീകരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
നേമത്ത് വീണ്ടും ശിവൻകുട്ടി രംഗത്തിറങ്ങുമെന്ന പ്രചാരണം ശക്തമാകുന്നതിനിടയിലാണ് ഇത്തരത്തിലൊരു പ്രതികരണമുണ്ടായത്.
ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേമത്ത് ബി.ജെ.പിയുണ്ടാക്കിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ശിവൻകുട്ടിയുടെ പ്രഖ്യാപനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.