ബി.ജെ.പി നേതാവിനെ സർക്കാർ അഭിഭാഷകനാക്കിയ ഉത്തരവ്​ റദ്ദാക്കി

തൊടുപുഴ: ബി.ജെ.പി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച ഉത്തരവ്​ സർക്കാർ റദ്ദാക്കി. നിയമനത്തിനെതിരെ സി.പി.എം അഭിഭാഷക സംഘടനയും സി.പി.ഐയുമടക്കം കടുത്ത പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണിത്​. ഈ മാസം ഒമ്പതിനിറങ്ങിയ നിയമന ഉത്തരവ്​ റദ്ദാക്കി നിയമ സെക്രട്ടറിയാണ്​ പുതിയ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

ബി.ജെ.പി ഇടുക്കി ജില്ല കമ്മിറ്റിയംഗം പി.കെ. വിനോജ് കുമാറിനെ ദേവികുളം സബ് കോടതിയിൽ അഡീഷനൽ പ്രോസിക്യൂട്ടർ, അഡീഷനൽ ഗവ. പ്ലീഡർ പദവികളിൽ നിയമിച്ചതാണ്​ വിവാദമായത്​. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുങ്കണ്ടം പഞ്ചായത്ത്​ മൂന്നാം വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു വിനോജ്​കുമാർ. ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടി സി.പി.എം അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ ഇടുക്കി ജില്ല ഘടകമാണ്​ വിനോജ്​കുമാറിനെതിരെ ആദ്യം രംഗത്തെത്തിയത്​. ഇത്തരക്കാരെ നിയമിക്കുന്നത് സർക്കാറിന്‍റെ നിലപാടുകൾക്ക്​ വിരുദ്ധമായി കോടതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കാരണമാകുമെന്നായിരുന്നു സംഘടനയുടെ വാദം. ഇതിനിടെ, ജില്ലയിലെ ചില സി.പി.എം നേതാക്കളാണ് നിയമനത്തിന് പിന്നിലെന്നും ആരോപണമുയർന്നു.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണിതെന്നും തെറ്റ് സി.പി.എം തിരുത്തുമെന്നുമായിരുന്നു സി.പി.ഐ ജില്ല നേതൃത്വത്തിന്‍റെ പ്രതികരണം. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ലെന്ന നിലപാടാണ്​ നിയമന ഉത്തരവിറങ്ങിയ ശേഷവും സി.പി.എം ജില്ല നേതൃത്വം കൈക്കൊണ്ടത്​. സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്​ തെളിവായാണ്​ കോൺഗ്രസ്​ വിഷയം ഉയർത്തിക്കൊണ്ടുവന്നത്​. ഇരു പാർട്ടികളും തമ്മിലെ കൊടുക്കൽ വാങ്ങലുകളുടെ പ്രത്യുപകാരമാണ്​ ബി.ജെ.പി നേതാവിന്‍റെ നിയമനമെന്നും കോൺഗ്രസ്​ നേതാക്കൾ ആരോപിച്ചു. നിയമനം പാർട്ടിയുടെ പ്രതിച്ഛായക്ക്​ മങ്ങലേൽപിച്ചതോടെ ഉത്തരവ്​ റദ്ദാക്കി സർക്കാർ തലയൂരുകയായിരുന്നു. 

Tags:    
News Summary - The appointment of BJP leader as the government's lawyer cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.