കെ. ഉമര്‍ ഫൈസി മുക്കം


ആരോപണം വാസ്തവവിരുദ്ധം, സെമിനാറിൽ പങ്കെടുത്തത് വഖഫ് ബോർഡ് അംഗമെന്ന നിലയിൽ; വിശദീകരണവുമായി കെ. ഉമര്‍ ഫൈസി മുക്കം

കോഴിക്കോട്: തനിക്കെതിരായ പരാതിക്ക് പിന്നില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്ന് സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം. സി.പി.എം മലപ്പുറത്ത് നടത്തിയ വഖഫ് സെമിനാറിലെ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ നടപടി ആവശ്യപ്പെട്ടവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വഖഫ് ഭൂമി വിഷയത്തിലും സംസ്ഥാന വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടും വഖഫ് ബോര്‍ഡ് അംഗമായ എനിക്കെതിരേയും നടക്കുന്ന തെറ്റായ പ്രചാരണങ്ങളുടെ യതാര്‍ഥ വസ്തുതകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് വഖഫ് ബോര്‍ഡ് അംഗമെന്ന നിലയില്‍ എന്റെ ബാധ്യത കൂടിയായത് കൊണ്ടാണ് പ്രസ്തുത പരിപാടിയില്‍ ഞാന്‍ സംബന്ധിച്ചത്. പ്രസ്തുത സെമിനാറില്‍ മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉള്‍പ്പെടെ വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചിരുന്നു. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട നിലവിലുള്ള ചില കാര്യങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് പ്രസംഗത്തിലൂടെ ഞാന്‍ ചെയ്തത്. ഹൈകോടതിയില്‍ ആര്‍.എസ്.എസിനും ബി.ജെ.പി നേതാവിനും അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്തപ്പോഴും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈകോടതിയില്‍ ആര്‍.എസ്.എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോള്‍ തനിക്കെതിരേ പരാതിയുമായി രംഗത്തുവന്നിട്ടുള്ളത് -ഉമര്‍ ഫൈസി വ്യക്തമാക്കി.

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ഫയല്‍ ചെയ്ത ഹരജിയില്‍ വഖഫ് ബോര്‍ഡ് കേരളത്തിന്റെ പൊതു ക്രമത്തിന് തടസ്സമാണെന്ന ആര്‍.എസ്.എസ് നിലപാട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഹൈകോടതിയില്‍ നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ ഈ വാദത്തെ തള്ളിക്കളയാതെ അംഗീകരിക്കുകയാണ് ചെയ്തത്. മുനമ്പം വിഷയം മുന്‍നിര്‍ത്തി വഖഫ് ബോര്‍ഡ് പിരിച്ചുവിടുമെന്ന ആര്‍.എസ്.എസ് വാദത്തിന് സര്‍ക്കാര്‍ അനുകൂല മറുപടി നല്‍കിയതായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ഫയല്‍ ചെയ്ത ഹരജിയിലെ തെളിവുരേഖയിലുണ്ട്. മുനമ്പത്തെ വഖഫ് ഭൂമി കൈയേറിയവരെ ഇറക്കിവിടില്ലെന്ന് വി.ഡി. സതീശന്‍ ഉറപ്പു നല്‍കിയതായും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ നിലപാടാണെന്നും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ഫയല്‍ ചെയ്ത ഹരജിയിലെ തെളിവുരേഖയിലുണ്ട്.

ആര്‍.എസ്.എസിന്റേയും കാസയുടേയും നിലപാടുകളെ തള്ളിക്കളയാതെ പൂര്‍ണമായി അംഗീകരിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്തത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിന്റെ ഹരജിയിലെ മേല്‍പറഞ്ഞ നിലപാടുകള്‍ അംഗീകരിച്ച് കൊണ്ട് രണ്ട് അമുസ്‌ലിംകളെ വഖഫ് ബോര്‍ഡില്‍ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഹൈകോടതി മുമ്പാകെ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടാല്‍, വഖഫ് ബോര്‍ഡില്‍ നിയമിക്കപ്പെടുന്ന അമുസ്‌ലിംകള്‍ ആര്‍.എസ്.എസുകാരാകാനുള്ള സാധ്യതയാണ് താൻ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചത്. ഹൈകോടതി രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുന്നതാണെന്നും ഉമര്‍ ഫൈസി പ്രതികരിച്ചു.

വഖഫ് ബോർഡിലെ ഒഴിവിലേക്ക് രണ്ട് ആർ.എസ്.എസുകാരെ നിയമിക്കാമെന്ന് യു.ഡി.എഫ് സർക്കാർ കോടതിയിൽ പറഞ്ഞിട്ടുണ്ടെന്ന പച്ചക്കള്ളം സി.പി.എം വേദിയിൽ പ്രസംഗിക്കുക വഴി കേരള മുസ്‍ലിംകളുടെ മുഖ്യധാരാ പണ്ഡിത സംഘടനയായ സമസ്തയെ പൊതുസമൂഹത്തിൽ അപമാനിതനാക്കിയ മുക്കം ഉമർ ഫൈസിയെ സമസ്ത മുശാവറയിൽനിന്ന് നീക്കം ചെയ്യണമെന്ന് സുന്നി നേതാക്കൾ സയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

ഹമീദലി ശിഹാബ് തങ്ങൾ (എസ്.കെ.എസ്.എസ്.എഫ്), യു. മുഹമ്മദ് ഷാഫി ഹാജി, എം.സി. മായിൻ ഹാജി, അബ്‌ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുറഹിമാൻ കല്ലായി (എസ്.എം.എഫ്), പുത്തനഴി മൊയ്തീൻ ഫൈസി, കെ.പി. കോയ ഹാജി (എസ്.കെ.എം.എം.എ), നാസർ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബൂബക്കർ ബാഖവി മലയമ്മ (എസ്.വൈ.എസ്), അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, ആർ.വി. കുട്ടി ഹസ്സൻ ദാരിമി, മലയമ്മ അബൂബക്കർ ഫൈസി (ജംഇയ്യത്തുൽ മുദരിസീൻ), കെ.സി. മുഹമ്മദ് ബാഖവി, അബ്ദുറഹിമാൻ ഫൈസി പാതിരമണ്ണ (ജംഇയ്യത്തുൽ ഖുത്വബാ), സലീം എടക്കര, അയ്യൂബ് കൂളിമാട് (എസ്. ഇ.എ), ഹംസ ഹാജി മൂന്നിയൂർ, എ.പി.പി. കുഞ്ഞമ്മദ് ഹാജി ചെന്തേര (സമസ്ത പ്രവാസി സെൽ) തുടങ്ങിയവരാണ് പ്രസ്താവന ഇറക്കിയത്.

Tags:    
News Summary - The allegation is baseless -K Umar Faizy Mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.