പെരിന്തൽമണ്ണ: മലപ്പുറം വെട്ടത്തൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോഴിഫാം ഉടമക്കെതിരെ കേസെടുത്തു. വെട്ടത്തൂർ ഏഴുതലയിലെ പട്ടിക്കാടൻ ഹംസയുടെ മക്കളായ സാഹിർ നവാസ് (36), മുഹമ്മദ് ഫാസിൽ മുർഷിദ് (32) എന്നിവർ മരിച്ച സംഭവത്തിലാണ് ഫാം ഉടമ സമീറിനെതിരെ കേസെടുത്തത്.
കീഴാറ്റൂർ ആക്കപ്പറമ്പ് നിരവിലെ കോഴി ഫാമിൽ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് സാഹിർ നവാസിനും മുർഷിദിനും ഷോക്കേറ്റത്. ഫാം ഉടമ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റതെന്ന് കണ്ടെത്തിയിരുന്നു. കോഴിഫാമിന് അകത്തുനിന്നും പുറത്തേക്കാണ് വൈദ്യുതി ലൈൻ വലിച്ചത്. കുറുക്കന്റെയും പന്നിയുടെയും ശല്യം കാരണമാണ് വൈദ്യതി വേലി സ്ഥാപിച്ചതെന്നാണ് കോഴിഫാം ജീവനക്കാരൻ പറയുന്നത്.
കോഴിഫാമിൽ തീറ്റ എത്തിച്ച് സാഹിർ നവാസും മുർഷിദും തിരികെ വാഹനത്തിൽ കയറാൻ തുടങ്ങവേയായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അതിദാരുണമായ സംഭവം. പൊലീസും കെ.എസ്.ഇ.ബി അധികൃതരും നടത്തിയ അന്വേഷണത്തിലാണ് കോഴിഫാമിന്റെ ഉള്ളിൽനിന്ന് പുറത്തേക്ക് വൈദ്യുതി വേലി സ്ഥാപിച്ചത് കണ്ടെത്തിയത്. രാത്രി പ്രവർത്തിപ്പിക്കുന്ന ലൈൻ പകൽ ഓഫാക്കാറുണ്ട്. ഇന്നലെ അത് ഓഫാക്കാൻ മറന്നതായി ജീവനക്കാരൻ പറയുന്നു.
അനധികൃതമായാണ് വൈദ്യുതിവേലി സ്ഥാപിച്ചതെന്ന് കെഎസ്ഇബി അധികൃതർ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കോഴിഫാം ഉടമ സമീറിനെതിരെ മേലാറ്റൂർ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. അനുമതിയില്ലാതെ വൈദ്യുതി എടുത്തതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി അധികൃതരും കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.